ചാര്‍ലി ചാപ്ലിന്‍ ജീവിതവും കലയും' പ്രകാശനം ചെയ്തു; കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് മാര്‍ ഇവാനിയോസ് കോളെജില്‍ സെമിനാറും പുസ്തകപ്രകാശനവും നടത്തി

Update: 2025-09-20 10:49 GMT

തിരുവനന്തപുരം : പി.ജി. സദാനന്ദന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് പ്രസിദ്ധീകരിച്ച 'ചാര്‍ലി ചാപ്ലിന്‍ ജീവിതവും കലയും' എന്ന പുസ്തകപ്രകാശനവും ഏകദിനസെമിനാര്‍ ഉദ്ഘാടനവും തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളെജ് സെമിനാര്‍ ഹാളില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ നിര്‍വഹിച്ചു. അഭിനേത്രി മല്ലിക സുകുമാരന്‍ പുസ്തകം ഏറ്റുവാങ്ങി. മാര്‍ ഇവാനിയോസ് കോളെജ് മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അധ്യക്ഷനായി.

മാര്‍ ഇവാനിയോസ് കോളെജ് വൈസ് പ്രിന്‍സിപ്പാള്‍ രവ.ഫാദര്‍ വിന്‍സി വര്‍ഗീസ് ആമുഖഭാഷണം നടത്തി. അഭിനേതാവും അധ്യാപകനുമായ ഡോ. ടി. ആരോമല്‍ പുസ്തകം പരിചയപ്പെടുത്തി. മലയാളവിഭാഗം അധ്യാപിക ഡോ. രേഷ്മ കെ.ആര്‍., പി.ജി. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ സ്വാഗതവും മലയാളവിഭാഗം അധ്യക്ഷ ഡോ. സജിത ബി. എല്‍. നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന 'ചാര്‍ളി ചാപ്ലിന്‍ മാനവികതയുടെ തെരുവുവെളിച്ചം' എന്ന സെഷനില്‍ ചലച്ചിത്ര നിരൂപകന്‍ പി. പ്രേമചന്ദ്രന്‍ വിഷയാവതരണം നടത്തി സംസാരിച്ചു. 'ചിരിയുടെ പൊരുളും ചേരുവകളും മലയാളസിനിമയിലെ ഹാസ്യാഖ്യാനങ്ങള്‍' എന്ന സെഷനില്‍ ചലച്ചിത്ര നിരൂപകന്‍ ഡോ. ശിവകുമാര്‍ ആര്‍. പി. വിഷയാവതരണം നടത്തി സംസാരിച്ചു. മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ടോജി വര്‍ഗീസ് ടി., ഡോ. ദീപ മേരി ജോസഫ് എന്നിവര്‍ മോഡറേറ്റര്‍മാരായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് സബ് എഡിറ്റര്‍ ശ്രീരാജ് കെ. വി. നന്ദി പറഞ്ഞു. തുടര്‍ന്ന് 2. 30 മുതല്‍ ചാര്‍ളി ചാപ്ലിന്റെ 'ദ കിഡ്' എന്ന ചലച്ചിത്രപ്രദര്‍ശനവുമുണ്ടായി.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ വായനക്കാര്‍ക്കരികിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന പുസ്തകശാല കോളെജില്‍ എത്തിയത് വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനുള്ള സുവര്‍ണാവസരമായി.

Similar News