ആര്‍എസ്എസിനെതിരായ ആരോപണം ശ്രീകൃഷ്ണനെ മോഷ്ടാവെന്ന്വിളിച്ചതുപോലെ: ആനന്ദബോസ്
കൊച്ചി: ഗാന്ധിവധം ആര്‍എസ്എസിന് മേല്‍ ആരോപിച്ചത് സ്യമന്തകമണി മോഷ്ടിച്ചെന്ന കുറ്റം ഭഗവാന്‍ ശ്രീകൃഷ്ണന് മേല്‍ ചുമത്തിയതുപോലെയാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ പരിഭാഷ നിര്‍വഹിച്ച ആദ്യത്തെ അഗ്‌നിപരീക്ഷ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ നിര്‍ഹിക്കുകയായിരുന്നു അദ്ദേഹം. ഗീബത്സിനെ തോല്പിക്കുന്ന നുണപ്രചാരണങ്ങളിലൂടെ ആര്‍എസ്എസ് ഒരു വിധ്വംസക പ്രസ്ഥാനമാണെന്ന ധാരണയാണ് എനിക്കുമുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തിലൂടെ ആ ധാരണ തിരുത്തി. സംഘത്തെക്കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും അതിന് മുതിരാതെ തെറ്റിദ്ധരിച്ചതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു, ആനന്ദബോസ് പറഞ്ഞു.
ഗാന്ധിവധമെന്ന ദുരാരോപണവും അതിനെത്തുടര്‍ന്നുണ്ടായ കൊടുംക്രൂരതയും മൂലം അന്നത്ത സര്‍ക്കാരും രാഷ്ട്രീയ നേതാക്കളും ചെയ്തത് സത്യത്തിന്റെയും അഹിംസയുടെയും കൊലപാതകമായിരുന്നുവെന്ന് ആമുഖമായി സംസാരിച്ച എസ്. സേതുമാധവന്‍ പറഞ്ഞു. ഹിറ്റ്ലറെയും സ്റ്റാലിനെയും മറികടന്ന ക്രൂരതയാണ് സംഘപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായത്. അന്നത്തെ പ്രധാനമന്ത്രി നേരിട്ട് ഈ നുണപ്രചാരണത്തിന് നേതൃത്വം നല്കി. ആര്‍എസ്എസ് സര്‍സംഘചാലക് ശ്രീഗുരുജിയെ ഒരു ക്രിമിനലിനോടെന്ന വണ്ണം അവര്‍ പെരുമാറി. വിദേശികളുടെ ഭരണകാലത്ത് ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സ്വദേശി ഭരണകൂടം സ്വന്തം ജനങ്ങളോട് ചെയ്യുന്നതെന്ന് കെ.പി. കേശവമേനോനെപ്പോലെയുള്ളവര്‍ അക്കാലത്ത് തുറന്നു വിമര്‍ശിച്ചിരുന്നു. ഇത്രയൊക്ക ക്രൂരതകള്‍ അരങ്ങേറിയിട്ടും എന്ത് സംഭവിച്ചാലും ശാന്തമായിരിക്കണമെന്നാണ് ഗുരുജി പ്രവര്‍ത്തകര്‍ക്ക് നല്കിയ നിര്‍ദേശമെന്ന് സേതുമാധവന്‍ ചൂണ്ടിക്കാട്ടി.
ഗാന്ധിജി കൊല്ലപ്പെട്ടതായിരുന്നില്ല ആര്‍എസ്എസായിരുന്നു അന്നത്തെ രാഷ്ട്രീയ ഭരണനേതൃത്വത്തിന് പ്രശ്നമെന്ന് പുസ്തകം ഏറ്റുവാങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസിനെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതേ നുണപ്രചാരണമാണ് ഇപ്പോഴും ഉത്തരം മുട്ടുമ്പോഴെല്ലാം ചില രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ ക.ഭാ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, ഡയറക്ടര്‍ ബി. വിദ്യാസാഗരന്‍ എന്നിവര്‍ സംസാരിച്ചു.