ആഗോള കത്തോലിക്കാസഭയ്ക്ക്ആത്മീയ ഉണര്‍വും അഭിമാനവും:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Update: 2025-05-09 13:24 GMT

കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയിലൂടെ ആഗോള കത്തോലിക്കാസഭയിലെ വിശ്വാസി സമൂഹത്തിന് ഏറെ അഭിമാനവും, ആത്മീയ ഉണര്‍വും,ലോക ജനതയ്ക്ക് പ്രതീക്ഷയും നല്‍കുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍.

ക്രൈസ്തവ സ്‌നേഹത്തിന്റെയും, കത്തോലിക്കാ സഭയുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെയും വഴികളിലൂടെ ധാര്‍മികതയുടെ ശബ്ദവും, ആത്മീയതയുടെ വെളിച്ചവും, സത്യത്തിന്റെ നേര്‍ സാക്ഷ്യവുമായി സമൂഹത്തില്‍ ശാന്തിയും സമാധാനവും സര്‍വോപരി നന്മയും, ക്ഷേമവും വാരിവിതറുവാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പായ്ക്ക് സാധിക്കട്ടെ.

2004ല്‍ കേരളത്തിലും 2006ല്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ഭാരത കത്തോലിക്കാസഭയുടെ സേവന ശുശ്രൂഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആത്മീയ തീക്ഷ്ണതയെക്കുറിച്ചും ബോധ്യങ്ങളും അറിവുകളുമുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഭാരതവുമായുള്ള ആഴത്തിലുള്ള ബന്ധം ഏറെ സന്തോഷവും പ്രതീക്ഷാ നിര്‍ഭരവുമാണ്. അദ്ദേഹത്തിന്റെ ലാളിത്യവും, ജീവിതത്തെ സ്വാധീനിച്ച മിഷനറി അനുഭവങ്ങളും, ദരിദ്രരോടുള്ള പ്രത്യേക സ്നേഹവും പരിഗണനയും, കത്തോലിക്കസഭയുടെ സാര്‍വ്വത്രിക ദൗത്യത്തിലുള്ള ഉറച്ച വിശ്വാസവും നിലപാടുകളും ആഗോള കത്തോലിക്കാസഭയില്‍ പുത്തനുണര്‍വേകുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Similar News