കടലറിവുകള്‍ തേടി സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ക്കൊപ്പം മത്സ്യപ്രേമികളുടെ ഫിഷ് വോക്

Update: 2024-10-19 13:41 GMT

കൊച്ചി: കടലറിവുകള്‍ തേടി ഗവേഷകര്‍ക്കൊപ്പം മത്സ്യപ്രേമികളുടെ ഫിഷ് വോക്. പൊതുജനങ്ങള്‍ക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഒരുക്കിയ ഫിഷ് വോക് മീനുകളെ കുറിച്ചും മറ്റ് കടല്‍ ജൈവവൈവിധ്യങ്ങളെ കുറിച്ചുമുള്ള അറിവുകള്‍ പകര്‍ന്നു നല്‍കി.

സിഎംഎഫ്ആര്‍ഐയിലെ ഗവേഷക സംഘത്തിനൊപ്പം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ആദ്യഘട്ട ഫിഷ് വോകില്‍ പങ്കാളികളായി. മുനമ്പം ഫിഷറീസ് ഹാര്‍ബറിലേക്കായിരുന്നു സംഘത്തിന്റെ പഠനയാത്ര. കടലില്‍ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യവൈവിധ്യങ്ങളുടെ ലാന്‍ഡിംഗ് നേരില്‍കാണാനും അവയുടെ പ്രത്യേകതള്‍ ശാസ്ത്രജ്ഞരില്‍ നിന്ന് മനസ്സിലാക്കാനും ഫിഷ് വോക് അവസരമൊരുക്കി. ഒമ്പത് ട്രോള്‍ ബോട്ടുകളില്‍ നിന്നെത്തിച്ച മത്സ്യയിനങ്ങള്‍ നിരീക്ഷണ വിധേയമാക്കി. പാമ്പാട, കണവ, കൂന്തല്‍, തിരിയാന്‍, ഉണ്ണിമേരി, കടല്‍മാക്രി തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്. കൂടാതെ, ഫിഷ് മീല്‍ വ്യവസായത്തിനായി പോകുന്ന ധാരാളം മറ്റ് മീനുകളുമുണ്ടായിരുന്നു. മത്സ്യബന്ധനരീതികള്‍, ഉപയോഗിക്കുന്ന വലകള്‍ തുടങ്ങി സമുദ്ര ആവാസവ്യവസ്ഥയില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ സ്വാധീനം ഉള്‍പ്പെടെ നിരവധി അറിവകള്‍ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ മത്സ്യപ്രേമികളുമായി പങ്കുവെച്ചു.

രാവിലെ 5.30നാണ് സംഘം പഠനയാത്ര ആരംഭിച്ചത്. ഡോ മിറിയം പോള്‍ ശ്രീറാം, ഡോ ആര്‍ രതീഷ്‌കുമാര്‍, അജു രാജു, ശ്രീകുമാര്‍ കെ എം, സജികുമാര്‍ കെ കെ എന്നിവരടങ്ങുന്ന സിഎംഎഫ്ആര്‍ഐയിലെ സംഘം ഫിഷ് വോകിന് നേതൃത്വം നല്‍കി.

വിവിധ ഘട്ടങ്ങളിലായി നടത്തുന്ന ഫിഷ് വോകിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തൊട്ട്, ഡോക്ടര്‍മാര്‍, കോളേജ് അധ്യാപകര്‍, പ്രതിരോധ സേന പോലീസ് ഉദ്യോഗസ്ഥര്‍, സീഫുഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി നാനാതുറകളിലുള്ളവര്‍ അപേക്ഷകരായുണ്ട്. 70 വയസ്സ് കഴിഞ്ഞവരും അപേക്ഷകരിലുണ്ട്. വിവിധ ഘട്ടങ്ങളിലായി എല്ലാ അപേക്ഷകരെയും ഫിഷ് വോകിന്റെ ഭാഗമാക്കുമെന്ന് കോര്‍ഡിനേറ്റര്‍ ഡോ മിറിയം പോള്‍ ശ്രീറാം പറഞ്ഞു.

അടുത്ത ഫിഷ് വോക് ഒക്ടോബര്‍ 26ന് ചെല്ലാനത്താണ്. ഗവേഷകര്‍ക്കായി പ്രത്യേക പഠനയാത്രയും ഉദ്ദേശിക്കുന്നുണ്ട്. വിവിധ ജില്ലകളിലെ സ്‌കൂള്‍ കോളേജ് അധികൃതരും ഫിഷ് വോകിന്റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Tags:    

Similar News