സംസ്‌കൃത സര്‍വ്വകലാശാലയുടെ പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാരം സി. കെ. ജാനുവിന്

Update: 2024-11-08 14:02 GMT

മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാരത്തിന് ഈ വര്‍ഷം സി. കെ. ജാനു അര്‍ഹയായതായി വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. 10,000/- രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്.

മലയാളഭാഷയുടെ പദവീപരമായ ഉയര്‍ച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളില്‍ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാര്‍ത്ഥ്യമാവുന്നത്. ആ ദിശയില്‍, കേരളത്തിലെ ആദിവാസി - ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ അനുഭവ ലോകത്തെ ഭാഷയിലേക്ക് ഉള്‍ച്ചേര്‍ക്കുന്നവയാണ് സി. കെ. ജാനുവിന്റെ ആത്മകഥകള്‍ എന്ന് പുരസ്‌കാര സമിതി നിരീക്ഷിച്ചു.

മലയാളത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്ക സ്വഭാവം വികസിപ്പിക്കുന്നതില്‍ ഈ രചനകള്‍ തനതായ പങ്ക് വഹിക്കുന്നുണ്ട്. ആ ശ്രമങ്ങളെ മികവാര്‍ന്ന ഭാഷാപ്രവര്‍ത്തനമായി കണ്ടുകൊണ്ടാണ് ഈ വര്‍ഷത്തെ പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാരം സി.കെ. ജാനുവിന് സമര്‍പ്പിക്കാന്‍ പുരസ്‌കാരസമിതി തീരുമാനിച്ചതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പറഞ്ഞു.

നവംബര്‍ 14ന് സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പുരസ്‌കാരം സമര്‍പ്പിക്കും. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ്, കണ്‍വീനറും ഡോ. സുനില്‍ പി. ഇളയിടം, ഡോ. സജിത കെ. ആര്‍, ഡോ. എം. സി. അബ്ദുള്‍നാസര്‍, ഡോ. ബിച്ചു. എക്‌സ്. മലയില്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Tags:    

Similar News