കട്ടപ്പന നഗരസഭയില്‍ മാംസവില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത് ബലക്ഷയമുള്ള കെട്ടിടത്തില്‍: അടച്ചു പൂട്ടാനുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം

സ്ഥാപനം അരനൂറ്റാണ്ടിലേറെ പഴക്കമുള്ള തകര്‍ന്നു വീഴാറായ കെട്ടിടത്തില്‍

Update: 2024-09-07 11:33 GMT

കട്ടപ്പന: നഗരസഭയുടെ മാംസ വില്‍പ്പനശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം അടച്ചുപൂട്ടാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മാധ്യമപ്രവര്‍ത്തകനായ ബിജു വൈശ്യംപറമ്പില്‍ അഡ്വ. ജോമി കെ. ജോസ് മുഖേനെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കളക്ടറുടെ ഉത്തരവ്.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള തകര്‍ന്നു വീഴാറായ ബഹുനില കെട്ടിടത്തില്‍ മാംസ വില്പന ശാലയും മറ്റ് വ്യാപാരങ്ങളും പ്രവര്‍ത്തിക്കുന്നത് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ അപകടകരം എന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. ഇത് അംഗീകരിച്ച ഹൈക്കോടതി നഗരസഭ സെക്രട്ടറിയോട് ഹര്‍ജിക്കാരനെ കേട്ട് നടപടിയെടുക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജിക്കാരനെ കേട്ടെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി നഗരസഭ നടപടി വൈകിപ്പിച്ചു.

ഇതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചപ്പോള്‍ ഇടുക്കി ജില്ലാ കളക്ടറോട് ഹര്‍ജിക്കാരനേയും എതിര്‍കക്ഷികളായ നഗരസഭാ സെക്രട്ടറിയേയും കരാറുകാരനായ ബേബി മത്തായിയേയും കേള്‍ക്കുവാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. ഇവരില്‍ നിന്ന് തെളിവെടുത്ത ജില്ലാ കലക്ടര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് പരിശോധന ചുമതല നല്‍കി. ഇവരുടെ പരിശോധനയില്‍ ഹര്‍ജിക്കാരന്റെ വാദം ശരിയാണന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം പൂട്ടുവാന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

എന്നാല്‍ മാംത്സവില്പ്പന നടത്തിവരുന്ന കെട്ടിടം പൂട്ടുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാന്‍ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി പ്രവര്‍ത്തിക്കണമെന്നും ഈ മാസം നാലിന് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

ഉത്തരവ് നിലവില്‍ വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാംസവില്‍പ്പന അതേ കെട്ടിടത്തില്‍ തുടരുന്ന സാഹചര്യത്തില്‍ കോടതി അലക്ഷ്യ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുവാനാണ് ഹര്‍ജിക്കാരന്റെ തീരുമാനം. മാംസവില്‍പ്പന ശാലയ്ക്കെതിരെയല്ല തന്റെ പരാതിയെന്നും നിലവിലെ കെട്ടിടത്തിന്റെ അപകടാവസ്ഥയാണ് കോടതി വഴി തെളിയിച്ചതെന്നും ഇവിടെ നിന്നും മാറ്റി നിയമപരമായ മറ്റെവിടെ പ്രവര്‍ത്തിക്കുന്നതിനും തനിക്ക് പരാതിയില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

Tags:    

Similar News