വയനാടന്‍ കുന്നിറങ്ങുന്ന വനിതാഗാഥ; വനിതാ സംരംഭക കോണ്‍ക്ലേവില്‍ ശ്രദ്ധേയമായി ബാംബു ക്രാഫ്റ്റ് എക്‌സിബിഷന്‍
തൃശൂര്‍: 'നമ്മുടെ നാടിന്റെ തനതായ ഉല്‍പന്നങ്ങളില്‍ അന്യദേശത്തുള്ളവര്‍ അത്ഭുതം പ്രകടിപ്പിക്കുന്നതും വിലയൊട്ടും പേശാതെ വലിയ ഓര്‍ഡറുകള്‍ നല്‍കുന്നതും കാണുമ്പോള്‍ ഒരുപാട് സന്തോഷം. വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഒരു നാടിന്റെ പ്രകൃതിദത്തമായ തനതു ഉല്‍പന്നങ്ങള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.' വയനാടിന്റെ സ്വന്തം മുള ഉല്‍പന്നങ്ങള്‍ക്ക് ദേശാന്തരങ്ങള്‍ കടന്നുള്ള പ്രീതി ലഭിക്കുന്നതിനെപ്പറ്റി സംസാരിക്കുമ്പോള്‍, ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വനിതാ സംരംഭക കോണ്‍ക്ലേവില്‍ ബാംബു ക്രാഫ്റ്റ് എക്‌സിബിഷന്‍ ഒരുക്കിയവര്‍ക്ക് നൂറുനാവാണ്. വയനാട് ജില്ലയിലെ മേപ്പാടി സ്വദേശികളായ സ്മിത, ഷൈലജ, പിണങ്ങോട് സ്വദേശി ഷീജ, ചൂരല്‍മലയിലെ സബിത, പനമരം സ്വദേശി ഷീന എന്നിവരാണ് വൈവിധ്യമാര്‍ന്ന മുള ഉല്‍പന്നങ്ങളുടെ എക്‌സിബിഷന്‍ അവതരിപ്പിച്ചത്.
മുള കൊണ്ടുള്ള വീട്ടുപകരണങ്ങള്‍, മുളയില്‍ തീര്‍ത്ത ശില്പങ്ങള്‍, ആഭരണങ്ങള്‍, പേനകള്‍, പെയിന്റിങ്ങുകള്‍, സ്പീക്കറുകള്‍ എന്നിവയാണ് ഇവര്‍ നിര്‍മിക്കുന്നത്. പ്രളയവും കോവിഡ് മഹാമാരിയും പ്രതിസന്ധി തീര്‍ത്ത ഇവരുടെ യൂണിറ്റുകളെ സംസ്ഥാന സര്‍ക്കാരിന്റെ കുടുംബശ്രീ ജില്ലാ മിഷന്‍, ബാംബു മിഷന്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നീ വകുപ്പുകളുടെ പിന്തുണ ഒരുപാട് സഹായിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ബാംബു ഫെസ്റ്റിലും സരസ്സ് മേളകളിലും പങ്കെടുക്കാന്‍ ഈ വനിതകളെ സഹായിച്ചതും വകുപ്പുകളുടെ കൃത്യമായ ഏകോപനം മൂലമാണ്.
സരസ്സ് മേളകളില്‍ പങ്കെടുക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വലിയ തോതിലുള്ള ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗുണമേന്മ കൂടിയ മുള ഉല്‍പന്നങ്ങള്‍ ദീര്‍ഘകാലം ഈടു നില്‍ക്കുമെന്നതും ഇവരുടെ സംരംഭത്തെ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. കുടുംബശ്രീയില്‍നിന്നും യൂണിറ്റുകള്‍ എടുത്ത വായ്പയെല്ലാം കൃത്യമായി തിരിച്ചടയ്ക്കാനും സ്വന്തമായൊരു സംരംഭത്തെ നാടാകെ നടന്ന് പരിചയപ്പെടുത്താനും കഴിഞ്ഞതിന്റെ ആത്മാഭിമാനമാണ് ഇവരുടെ മുഖങ്ങളില്‍. വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ ഏകദിന കോണ്‍ക്ലേവില്‍ പങ്കെടുത്ത നിരവധി ആളുകളാണ് വയനാടിന്റെ ബാംബു ക്രാഫ്റ്റ് എക്‌സിബിഷന്‍ സന്ദര്‍ശിച്ചത്.