യുവജനങ്ങളില്‍ പൗരബോധമുയര്‍ത്തി മുതുകാടിന്റെ വീ ദ പീപ്പിള്‍ മാജിക്

Update: 2025-01-25 09:18 GMT

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ബോധ്യപ്പെടുത്തിയ മുതുകാടിന്റെ ബോധവത്കരണ ജാലവിദ്യ കാണികളില്‍ ആവേശം നിറച്ചു. ദേശീയ സമ്മതിദായക ദിനത്തിന് മുന്നോടിയായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെയും ഡിഫറന്റ് ആര്‍ട് സെന്ററിന്റെയും സഹകരണത്തോടെ ഇന്നലെ (വെള്ളി) നടന്ന വീ ദ പീപ്പിള്‍ ബോധവ്തകരണ ജാലവിദ്യയാണ് കാണികള്‍ക്ക് വേറിട്ടൊരനുഭവമായത്.

യോഗ്യരായ വ്യക്തികളെ തിരഞ്ഞെടുക്കല്‍, വോട്ടവകാശം ബൗദ്ധികപരമായി വിനിയോഗിക്കല്‍, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വിശ്വാസ്യത, ജനാധിപത്യരാജ്യത്തിന്റെ മഹത്വം, പൗരബോധം എന്നീ വിഷയങ്ങളിലൂന്നിയാണ് ഇലക്ഷന്‍ വകുപ്പിന്റെ സ്റ്റേറ്റ് ഐക്കണ്‍ കൂടിയായ മുതുകാട് ഓരോ ഇന്ദ്രജാലവും അവതരിപ്പിച്ചത്. വാച്ച് യുവര്‍ വാച്ച് എന്ന തീമാറ്റിക് ഇന്ദ്രജാലത്തിലൂടെയാണ് ബോധവത്കരണ ജാലവിദ്യ പുരോഗമിച്ചത്. വാച്ച് എന്ന വാക്കിലെ ഓരോ അക്ഷരങ്ങള്‍ക്കും വൈസ് ഡിസിഷന്‍, ആക്ഷന്‍, ട്രസ്റ്റ്, സിവിക് സെന്‍സ്, ഹാര്‍മണി എന്നീ ആശയങ്ങളെ ചേര്‍ത്തുവച്ചാണ് നൂതനമായ ഇന്ദ്രജാല പരിപാടി അവതരിപ്പിച്ച് മുതുകാട് കൈയടി നേടിയത്.

വഴുതക്കാട് വിമെന്‍സ് കോളേജില്‍ നടന്നവീ ദ പീപ്പിള്‍ ജാലവിദ്യാ പരിപാടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. 18നും 30നുമിടയിലുള്ളവര്‍ പലപ്പോഴും വോട്ട് ചെയ്യുവാനുള്ള താത്പര്യം കാണിക്കുന്നില്ല. ജനാധിപത്യ പ്രക്രിയയില്‍ യുവജനങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഷര്‍മിള.സി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ബിനോയ് വിശ്വം, വിമണ്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ അനില ജെ.എസ്, ഇ.എല്‍.സി ഡിസ്ട്രിക് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ.മഹേഷ്, ഷൈമ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ തീം സോംഗ് അവതരണവും നടന്നു.

Similar News