പൊതുപരിപാടികളില്‍ സംഗീത ലൈസന്‍സ് നിരക്ക് ഏകീകരിക്കുക; ഏകജാലക സംവിധാനം നടപ്പാക്കുക; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഇമാക്
കൊച്ചി, ഡിസംബര്‍ 1, 2025: പൊതുപരിപാടികളില്‍ സംഗീതം ഉപയോഗിക്കുന്നതിന് നിലവിലുള്ള താരിഫ് നിരക്കുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) ആവശ്യപ്പെട്ടു. സുതാര്യവും ഏകീകൃതവുമായ ഒരു ലൈസന്‍സിംഗ് സംവിധാനം നടപ്പിലാക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. നിലവില്‍ ചില സ്വകാര്യ ഏജന്‍സികള്‍ വിവാഹമുള്‍പ്പെടെയുള്ള സ്വകാര്യ ചടങ്ങുകളില്‍ പോലും സംഗീതം ഉപയോഗിക്കുന്നതിന് അമിതമായ ഫീസും ലൈസന്‍സും ആവശ്യപ്പെടുന്നതാണ് ഈ മേഖലയിലെ പ്രതിസന്ധിക്ക് കാരണം. വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗങ്ങള്‍ക്കായി ഇറക്കിയ നിയമങ്ങള്‍ ഈ ഏജന്‍സികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഏജന്‍സികള്‍ അവരുടെ ഇഷ്ടാനുസരണം നടത്തുന്ന വിലവര്‍ദ്ധനവ് തടയുക, സര്‍ക്കാരിന്റെ അനുമതിയോടെ മാത്രം നിരക്കില്‍ മാറ്റങ്ങള്‍ വരുത്തുക എന്നിവയാണ് ഇമാക് മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. കൂടാതെ, ഏകജാലക നികുതി സമ്പ്രദായം നടപ്പിലാക്കണമെന്നും ആഡംബര സ്വഭാവമില്ലാത്ത പരിപാടികള്‍ നടക്കുന്ന വേദികളിലെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും, ഈ പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇമാക് അഭ്യര്‍ത്ഥിച്ചു.
അനധികൃതമായി ഫീസ് ഈടാക്കുന്നതിനെതിരെ നിയമപരമായി നീങ്ങാനും ഇതിനായി വ്യവസായ മേഖലയെ ഒരുമിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 4-ന് വൈകുന്നേരം 3 മണിക്ക് കളമശ്ശേരിയിലെ ചക്കോളാസ് പവലിയനില്‍ ഒരു വ്യവസായ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ സംഘടനയായ ഇ.ഇ.എം.എയുടെ ജനറല്‍ സെക്രട്ടറി അങ്കുര്‍ കാല്‍റ, ഇമാക് അംഗങ്ങള്‍, ഇവന്റ് കമ്പനി ഉടമകള്‍, ഹോട്ടല്‍-കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമകള്‍, കലാകാരന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പൊതുപരിപാടികളില്‍ പാട്ടുവെയ്ക്കുന്നതിന് ഇത്രയും ഉയര്‍ന്ന തുക ഫീസായി ആവശ്യപ്പെടുന്നത് ഇവന്റ് മാനേജ്മെന്റ് രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു. ഇതിനെതിരെ അടിയന്തര നടപടികള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടാനും, ഈ രംഗത്തുള്ള ആളുകളെ ബോധവല്‍ക്കരിക്കാനും, ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗത്തെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന ഈ ചൂഷണങ്ങളെ തുറന്നുകാട്ടാനുമാണ് യോഗം ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇമാക് പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറല്‍ സെക്രട്ടറി ബഹന്നാന്‍ കെ. അരീക്കല്‍, ട്രഷറര്‍ പ്രവീണ്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
