ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക എക്‌സ്‌പോ-2024 സമാപിച്ചു
സംസ്ഥാനത്തെ വ്യവസായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ-2024 സമാപിച്ചു. കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ കൊച്ചി കാക്കനാടുള്ള കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചത്.
നിരവധി സ്ഥാപനങ്ങളുടെ സ്റ്റാളുകളും വിവിധ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള സെമിനാറുകളും ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയെ ശ്രദ്ധേയമാക്കി. പതിനായിരത്തോളം ട്രേഡ് സന്ദര്‍ശകര്‍ മൂന്ന് ദിവസം നീണ്ട എക്സിബിഷനില്‍ പങ്കെടുത്തു. പരിപാടിയുടെ അടുത്ത പതിപ്പ് 2026 ജനുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിക്കും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള ധനസഹായ പദ്ധതികളെക്കുറിച്ച് നടത്തിയ സിമ്പോസിയം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ചെറുകിടവ്യവസായ രംഗത്ത് അസാമാന്യവളര്‍ച്ചയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യവസായങ്ങളിലും വിപണിയിലും കൂടുതല്‍ ശ്രദ്ധപതിപ്പിച്ചുകൊണ്ടുമാത്രമേ സംസ്ഥാനത്തിന് സാമ്പത്തികമായി വളരാനാകൂ. ബാങ്കിങ് രംഗത്തും ഈ മാറ്റങ്ങള്‍ക്ക് അനുസൃതമായ ശൈലീമാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കൂടുതല്‍ ചെറുപ്പക്കാര്‍ സംരംഭകരായി മാറുന്നത് എല്ലാവര്‍ക്കും വലിയ പ്രചോദനമേകുന്ന കാഴ്ചയാണെന്ന് തൃക്കാക്കര എം.എല്‍.എ ഉമ തോമസ് പറഞ്ഞു. ഈ അന്താരാഷ്ട്ര എക്‌സ്‌പോ പോലെയുള്ള പരിപാടികള്‍ നമ്മുടെ നാട്ടില്‍ ഇനിയും ധാരാളം നടത്തേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ സംരംഭങ്ങളും വ്യവസായങ്ങളും കൂടുതല്‍ വളരാന്‍ ഇത്തരം പരിപാടികള്‍ ആവശ്യമാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എല്‍.എ ഉമ തോമസ് പറഞ്ഞു. ചടങ്ങില്‍ എം. എല്‍. എ. തൃക്കാക്കര മുനിസിപ്പാലിറ്റി അധ്യക്ഷ രാധാമണി പിള്ളയെ പൊന്നാടയണിയിച്ച് ആദരിച്ചു.
സംസ്ഥാന വ്യവസായ വകുപ്പ്, കിന്‍ഫ്ര, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി), കേന്ദ്ര ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ വകുപ്പ് (എം.എസ്.എം.ഇ) എന്നിവയുമായി സഹകരിച്ചാണ് എക്‌സ്‌പോ നടത്തിയത്.
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള മുന്നൂറോളം വ്യാവസായിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ എക്‌സ്‌പോയില്‍ പങ്കെടുത്തു. ആവശ്യമുള്ളവര്‍ക്ക് അത്യാധുനിക യന്ത്രസാമഗ്രികള്‍ നേരിട്ട് കാണാനും സ്വന്തമാക്കാനുമുള്ള അവസരവുമുണ്ടായിരുന്നു. അതിനാവശ്യമായ ധനസഹായം നല്‍കുന്നതിന് നിരവധി ബാങ്കുകളുടെ സാന്നിധ്യവും മേളയിലുണ്ടായിരുന്നു
കെ.എഫ്.സിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. പ്രസാദ്, തൃശൂര്‍ എം.എസ്.എം.ഇ ഡി.ഐയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ യു.സി. ലചിതമോള്‍, എസ്ബിഐ ചീഫ് മാനേജര്‍ ജിജു മോഹന്‍ എന്നിവര്‍ പ്രസന്റെഷനുകള്‍ അവതരിപ്പിച്ചു കെ.എസ്.എസ്.ഐ.എയുടെ അംഗങ്ങളും മറ്റു വ്യവസായികളും സിമ്പോസിയത്തില്‍ പങ്കെടുത്തു.
കെ.എസ്.എസ്.ഐ.എയുടെ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ധീന്‍, IIIE - 2024 എക്‌സ്‌പോയുടെ ചെയര്‍മാന്‍ കെ.പി രാമചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി ജോസഫ് പൈകട, എറണാകുളം ഡി.ഐ.സി ജനറല്‍ മാനേജര്‍ പി.എ നജീബ്, കാസര്‍ക്കോട് ഡി.ഐ.സി ജനറല്‍ മാനേജര്‍ സജിത് കുമാര്‍ കെ., കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ ജോസ്, എ.വി സുനില്‍ നാഥ്, എ. ഫസലുദീന്‍, കെ.എസ്.എസ്.ഐ.എ ട്രഷറര്‍ ബി.ജയകൃഷ്ണന്‍, കെ.എസ്.എസ്.ഐ.എ ജോയിന്റ് സെക്രട്ടറി എം.എം മുജീബ് റഹ്മാന്‍, ഐ.ഐ.ഐ. ഇ. സിഇഒ സിജി നായര്‍, കെ.എസ്.എസ്.ഐ.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവനൂര്‍, കെ.എസ്.എസ്.ഐ.എ ന്യൂസ് ചീഫ് എഡിറ്റര്‍ എസ്. സലീം എന്നിവര്‍ സമാപനസമ്മേളത്തില്‍ പങ്കെടുത്തു.