എക്‌സ്‌പോയില്‍ പ്രകൃതിക്കിണങ്ങിയ ഉല്‍പന്നങ്ങള്‍; കെട്ടിലുംമട്ടിലും വൈവിധ്യമാര്‍ന്ന മെഷീനറികള്‍

Update: 2025-09-22 13:57 GMT

കൊച്ചി: പ്ലാസ്റ്റിക് തീണ്ടാത്ത, നൂറു ശതമാനവും പരിസ്ഥിതി സൗഹൃദ ഉല്‍പന്ന നിര്‍മ്മാണ യന്ത്രങ്ങള്‍ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാണല്‍ എക്‌സിബിഷന്‍ സെന്ററിലെ മെഷീനറി എക്‌സ്‌പോ കീഴടക്കുന്ന കാഴ്ച. ടിഷ്യൂ പേപ്പര്‍, പേപ്പര്‍ ബാഗ്, പേപ്പര്‍ കപ്പ് മുതലായവയുടെ നിര്‍മ്മാണ യന്ത്രങ്ങള്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നു.

എന്തിനും ഏതിനും ഉപയോഗിക്കുന്ന ടിഷ്യൂ പേപ്പറിന്റെ അത്യാധുനിക മാതൃകകള്‍ ഇവിടെ കാണാം. മണിക്കൂറില്‍ 30,000 എണ്ണം വരെ ലഭ്യം. വ്യത്യസ്ത സ്പീഡില്‍ ടിഷ്യു ലഭ്യമാക്കുന്ന മെഷീനുകള്‍.

ഹൈസ്പീഡ്, ഓട്ടോമാറ്റിക് മെഷീനുകളില്‍ തീര്‍ത്തും പരിസ്ഥിതി സൗഹൃദ പേപ്പര്‍ കപ്പ് കിട്ടും. ഒരു മിനിറ്റില്‍ 100 -120 വരെ കപ്പുകള്‍. 150 - 300 എം എല്‍ വരെ കപ്പാസിറ്റി ഉള്ള കപ്പുകളില്‍ പ്ലാസ്റ്റിക് കോട്ടിംഗ് ഇല്ല. എത്ര ചൂടിലും എത്ര നേരം വരെയും കപ്പിന് കുഴപ്പമുണ്ടാകില്ല.

പേപ്പര്‍ ബാഗുകള്‍ വര്‍ണങ്ങളില്‍ പൊതിഞ്ഞു ലഭ്യമാക്കുന്ന മെഷീനുകളും എക്‌സ്‌പോയിലുണ്ട്. മെഡിക്കല്‍ പൗച്ച് മുതല്‍ ഷോപ്പിംഗ് ബാഗുകള്‍ വരെ ലഭിക്കും. 100 ഗ്രാം മുതല്‍ അഞ്ചു കി.ഗ്രാം വരെയാണ് ഇവയുടെ കപ്പാസിറ്റി.

പൊടികളുടെയും ദ്രാവകങ്ങളുടെയും പല വലുപ്പത്തിലുള്ള കവറുകള്‍ വൈവിധ്യമാര്‍ന്ന ലേബല്‍ സഹിതം കിട്ടുന്ന മെഷീനുകള്‍, വിവിധ ശ്രേണികളിലുള്ള ലേബലുകള്‍ തയ്യാറാക്കുന്ന യന്ത്രങ്ങള്‍, പാലും ദ്രാവകങ്ങളും പാക്കിംഗിനുള്ള സംവിധാനങ്ങള്‍ .....അങ്ങനെ എല്ലാം എക്‌സ്‌പോ വെളിപ്പെടുത്തുന്നു.

യന്ത്രങ്ങള്‍ക്ക് അന്വേഷണങ്ങളും ബുക്കിംഗും ഏറെ.

പ്രോഡക്ടിനു യോജ്യമായ പ്രിന്റിംഗ് സഹിതമുള്ള ഏറ്റവും പുതിയ കാര്‍ട്ടണ്‍ ഒരുക്കുന്ന, ആധുനിക യന്ത്രങ്ങള്‍ തയ്യാറാക്കുന്നതിനു എക്‌സ്‌പോയില്‍ ശ്രമിച്ചിട്ടുണ്ടെന്നു ജനറല്‍ കണ്‍വീനറും ജില്ല വ്യവസായ കേന്ദ്രം ജനറല്‍മാനേജരുമായ നജീബ് പി എ പറഞ്ഞു.

പ്രോഡക്ടിന്റെ മാര്‍ക്കറ്റിംഗില്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ഘടകമാണ് അതിന്റെ പാക്കിംഗ്. അത് പല രീതിയിലായിരിക്കാം. ആകര്‍ഷമായ രീതിയില്‍ പാക്കിംഗുണ്ട്, പ്രോഡക്ടിനു യോജ്യമായതുണ്ട്..അങ്ങനെ പല കാര്യങ്ങളുമുണ്ട്. ഇതില്‍ പലതും വില്‍പനയുമായി ബന്ധപ്പെട്ട് നേരിട്ടു ബന്ധപ്പെടുന്ന കാര്യമാണ്. കാലഘട്ടത്തിനനുസൃതമായി വലിയ ഇടപെടല്‍ മേഖലയില്‍ നടക്കുന്നു.

കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ വരുമ്പോള്‍ സെയില്‍ പെര്‍സെന്റേജ് വര്‍ധിക്കുന്നതിനു പാക്കിംഗ് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് പാക്കിംഗ് പ്രിന്റിംഗ് മേഖലയുമായി ബന്ധപ്പെട്ട് അത്യാധുനിക, ഓട്ടോമാറ്റിക് മെഷീനറികളുടെ പ്രദര്‍ശനത്തിനു പ്രത്യേകം ശ്രമിച്ചത് ഫലം കണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിക്കു യോജ്യമായ ഉല്‍പന്നങ്ങളും അനുരൂപമായ പാക്കിംഗും ഒന്നിച്ച് യാഥാര്‍ത്ഥ്യമായിരിക്കുകയാണിവിടെ.

--

Similar News