ഇന്ത്യന്‍ ഫാഷന്‍ ഫെയര്‍ എക്‌സ്‌പോയ്ക്ക് സമാപനം; ഫാഷന്‍ ഐക്കണ്‍ ഓഫ് ദി ഇയറായി രജിഷ വിജയന്‍
കൊച്ചി, ജനുവരി 9, 2025: പ്രൗഢഗംഭീരമായ ഇന്ത്യന്‍ ഫാഷന്‍ ഫെയറിന്റെ പുരസ്‌കാരവേദിയില്‍ ഫാഷന്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ ആയി പ്രമുഖ നടി രജിഷ വിജയനെ ആദരിച്ചു. ഫാഷന്‍ എക്‌സ്‌പോയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പുരസ്‌കാര വിതരണച്ചടങ്ങുകള്‍ എറണാകുളം എംപി. ഹൈബി ഈഡനാണ് ഉദ്ഘാടനം ചെയ്തത്. ഫാഷന്‍ രംഗത്തെ പുതുമകള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ചെറുപ്പക്കാരായ സംരംഭകരെ ആകര്‍ഷിക്കാനുമുള്ള ഐ.എഫ്.എഫ് അധികൃതരുടെ ശ്രമങ്ങളെ ഹൈബി ഈഡന്‍ അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ ഫാഷന്‍, ബിസിനസ് മേഖലകളെ വളര്‍ത്തുന്നതില്‍ ഇത്തരം പരിപാടികള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഫാഷന്‍ രംഗത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നടി അഞ്ജലി നായര്‍ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹത നേടി. അങ്കമാലിയിലെ ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഐ.എഫ്.എഫ്. ഫാഷന്‍ എക്‌സ്‌പോയുടെ മൂന്നാംപതിപ്പിന്റെ ഗ്രാന്‍ഡ് ഫിനാലെ ചടങ്ങുകള്‍ക്കിടെയായിരുന്നു പുരസ്‌കാര വിതരണം.
വ്യത്യസ്തങ്ങളായ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭകള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച ബാലതാരങ്ങളായി ഡാവിഞ്ചി സന്തോഷിനെയും ആവ്നി അഞ്ജലി നായരെയും തെരെഞ്ഞെടുത്തു. ഇ. അയൂബ്ഖാന്‍ ആണ് ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍. ലെജന്‍ഡ്‌സ് ഓഫ് ഗാര്‍മെന്റ്‌സ് ഇന്‍ഡസ്ട്രി എന്ന പുരസ്‌കാരം മുജീബ് കുടുംബത്തിന് നല്‍കി. യങ്ങ് ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാലിക് (കെ.എം.ടി സില്‍ക്സ്) കരസ്ഥമാക്കി. ഐപ്പ് വള്ളിക്കാടന്‍ ആണ് മികച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍. മികച്ച ഫാഷന്‍ സംരംഭകനുള്ള പുരസ്‌കാരം നേടിയത് ആര്‍.കെ. വെഡിങ് മാളിന്റെ നവാസ് എം.പിയാണ്. ശോഭിക വെഡിങ് യൂണിറ്റി അവാര്‍ഡ് നേടി. ഫാഷന്‍ സ്റ്റോര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് വെഡ്ലാന്‍ഡ് വെഡിങ്‌സ് ആണ്. റീറ്റെയ്ല്‍ ചെയിന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സെഞ്ചുറി ഫാഷന്‍ സിറ്റി സ്വന്തമാക്കി.
കേരളത്തിലെ ഏറ്റവും വലിയ ബി.ടു.ബി ഫാഷന്‍ ഷോ എന്നറിയപ്പെടുന്ന ഐ.എഫ്.എഫ് (ഇന്ത്യന്‍ ഫാഷന്‍ ഫെയര്‍) എക്‌സ്‌പോയില്‍ ഇക്കൊല്ലം 200ഓളം പ്രദര്‍ശനവേദികളാണ് ഉണ്ടായിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 5000ലേറെ പ്രതിനിധികളും പങ്കെടുത്തു. ജനുവരി 7മുതലുള്ള മൂന്ന് ദിവസങ്ങളില്‍ കൊച്ചിയെ ആവേശത്തിലാഴ്ത്തിയ പരിപാടിയില്‍, നിരവധി വ്യവസായ പ്രമുഖരും സംരംഭകരും മോഡലുകളും ഒത്തുകൂടിയിരുന്നു.
ഐ.എഫ്.എഫ് ഫാഷന്‍ ഫെയര്‍ പ്രോഗ്രാം വൈസ് ചെയര്‍മാന്‍ ഷാനിര്‍ ജെ, കണ്‍വീനര്‍ സമീര്‍ മൂപ്പന്‍, പ്രോഗ്രാം ഡയറക്ടര്‍ ഷഫീഖ് പി.വി, ചെയര്‍മാന്‍ സാദിഖ് പി.പി, ജോയിന്റ് കണ്‍വീനര്‍ ഷാനവാസ് പി.വി എന്നിവര്‍ സംസാരിച്ചു.