മലബാര്‍ ജില്ലകളിലെ സീറ്റ് പ്രതിസന്ധി; സ്ഥിരം ബാച്ചുകള്‍ മാത്രമാണ് പരിഹാരം -ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2025-05-12 10:37 GMT

കോഴിക്കോട്: പത്താം ക്ലാസിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ മലബാര്‍ ജില്ലകളില്‍ ഇത്തവണയും അവസരങ്ങള്‍ കുറവാണെന്നും സ്ഥിരം പല്ലവി പോലെ പ്ലസ് വണ്‍ സീറ്റില്‍ അനുപാതിക വര്‍ധനവ് നടത്തിയതിലൂടെ പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടില്ലെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ പ്രസ്താവിച്ചു. പ്രതിഷേധങ്ങളെ അടക്കിയിരുത്താനാണ് സര്‍ക്കാര്‍ ആദ്യമേ 30% അനുപാതിക സീറ്റ് വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഇതുകൊണ്ട് വിദ്യാര്‍ത്ഥികളുടെ കണ്ണില്‍പൊടിയിടാന്‍ സാധിക്കില്ല.

പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക്ക് തുടങ്ങീ മുഴുവന്‍ ഉപരിപഠന സാധ്യതകള്‍ പരിഗണിച്ചാലും മലബാര്‍ ജില്ലകളില്‍ അര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. മലപ്പുറം ജില്ലയില്‍ മാത്രം 26,402 കുട്ടികള്‍ക്ക് സീറ്റില്ല. പാലക്കാട് 10,986ഉം കോഴിക്കോട് 8643ഉം സീറ്റുകളുടെ കുറവുണ്ട്. തൃശൂര് 1451 സീറ്റിന്റെ കുറവും വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യഥാക്രമം 1878, 5735, 3476 സീറ്റുകളുടെ അപര്യാപ്തതയുമുണ്ട്. ഇതിന് പരിഹാരമായി സര്‍ക്കാര്‍ പറയുന്ന അനുപാതിക സീറ്റ് വര്‍ധനവ് നടപ്പിലാക്കിയാല്‍പ്പോലും മലപ്പുറത്ത് 12,017 സീറ്റുകളുടെയും പാലക്കാട് 3541 സീറ്റുകളുടെയും കുറവുണ്ടാകും.

ഒരു ക്ലാസില്‍ 65 വിദ്യാര്‍ത്ഥികളെ വരെ കുത്തിക്കയറ്റിയാണ് 30% ആനുപാതിക പ്ലസ് വണ്‍ സീറ്റ് വര്‍ധനവ് നടപ്പാക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച സമിതികള്‍ തന്നെ നിര്‍ദേശിച്ചത് പ്രകാരം 50 വിദ്യാര്‍ത്ഥികളാണ് ഒരു ബാച്ചില്‍ ഉണ്ടാകേണ്ടത്. ഇത് അട്ടിമറിക്കപ്പെടുന്നതോടെ വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം പാളുകയും വിദ്യാഭ്യാസ ഗുണനിലവാരം കുറയുകയും ചെയ്യും. അതേസമയം, തെക്കന്‍ ജില്ലകളില്‍ പല ബാച്ചുകളും വളരെ കുറഞ്ഞ വിദ്യാര്‍ത്ഥികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. അവിടങ്ങളില്‍ അവസാന വിദ്യാര്‍ത്ഥി പ്രവേശനം നേടിക്കഴിഞ്ഞിട്ടും നീറ്റുകള്‍ ഒഴിഞ്ഞുകിടക്കാറുണ്ട്. മലബാര്‍ ജില്ലകളോടുള്ള നീതി നിഷേധമാണ് ഇതെല്ലാം.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 58,571 വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ലാത്ത സ്ഥിതി പരിഹരിക്കാന്‍ 1171 സ്ഥിരം പ്ലസ് വണ്‍ ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും നഈം ഗഫൂര്‍ ചൂണ്ടിക്കാട്ടി.സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും. ആദ്യഘട്ടമെന്നോണം ജില്ലകളില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. പ്ലസ് വണ്‍ പ്രവേശന പ്രകിയകള്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രശ്‌നപരിഹാരമുണ്ടാകുന്നില്ലെങ്കില്‍ തെരുവില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റിയുണ്ടാകും. ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രതിസന്ധിയെക്കുറിച്ച് പഠിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പില്‍വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Similar News