രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ 53-ാമത് വാര്‍ഷിക സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി
കൊച്ചി: ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ 53-ാമത് വാര്‍ഷിക സമ്മേളനം സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ആഗോള കുരുമുളക് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്കായി ഉല്‍പാദന രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം, സുസ്ഥിരത, നവീകരണം എന്നിവ ഉറപ്പാക്കണമെന്ന് അഡ്വ. സംഗീത വിശ്വനാഥന്‍ പറഞ്ഞു. ആഗോള സുഗന്ധവ്യഞ്ജന വ്യാപാരം രൂപപ്പെടുത്തുന്നതിലും കുരുമുളക് മേഖലയിലെ സമഗ്ര വളര്‍ച്ചയെ നയിക്കുന്നതിലും ഇന്ത്യയുടെ നിര്‍ണായക പങ്ക് ഉദ്ഘാടന പ്രസംഗത്തില്‍ അഡ്വ. സംഗീത വിശ്വനാഥന്‍ ഊന്നിപ്പറഞ്ഞു. സുഗന്ധവ്യഞ്ജന മൂല്യ ശൃംഖലയിലുടനീളം ഗുണനിലവാരം, ട്രേയ്‌സബിലിറ്റി, മൂല്യവര്‍ദ്ധനവ് എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സ്‌പൈസസ് ബോര്‍ഡിന്റെ പ്രതിബദ്ധതയും അവര്‍ വ്യക്തമാക്കി.
കുരുമുളക് വ്യാപാരത്തിന്റെ ഭാവി രൂപപ്പെടുത്താനും ആഗോള പങ്കാളിത്തം ശക്തിപ്പെടുത്താനും രാജ്യാന്തര സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള വേദിയാണ് സമ്മേളനമെന്ന് ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ (ഐപിസി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മറീന എന്‍ അംഗ്രയ്നി അഭിപ്രായപ്പെട്ടു .
കേന്ദ്ര വാണിജ്യമന്ത്രാലയവും സ്പൈസസ് ബോര്‍ഡും ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. നവീകരണം, തുല്യത, പ്രാദേശിക പ്രതിരോധശേഷി എന്നിവ ഉറപ്പുവരുത്തി കുരുമുളക് വ്യവസായത്തെ ശക്തിപ്പെടുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ വിഷയം. ഐപിസിയിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരശൃംഖല ശക്തിപ്പെടുത്തുക, സുസ്ഥിര കൃഷിരീതികളും പ്രതിരോധശേഷി കൂടിയ കുരുമുളക് ഇനങ്ങളുടെ കൃഷിയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന് നടന്ന ബിസിനസ് സെഷനില്‍ ഗ്രിഫിത്ത് ഫുഡ്‌സിന്റെ ഉപസ്ഥാപനമായ ടെറോവയുടെ വൈസ് പ്രസിഡന്റ് ഗിരിധര്‍ റാവു, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ്, അമേരിക്കന്‍ സ്പൈസ് ട്രേഡ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലോറ ഷുമോവ്, സ്‌കോര്‍പിയോണ്‍ പ്രതിനിധി അന്ന സ്ട്രെല്‍സ്, എവിടി മക്കോര്‍മിക്ക് ഇന്‍ഗ്രീഡിയന്റ്‌സ് എംഡി സുഷമ ശ്രീകണ്ഠത്ത്, ഐപിസി കണ്‍സല്‍ട്ടന്റ് ജസ്വീന്ദര്‍ സിംഗ് സേഥി എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ഐസിഎആര്‍ മുന്‍ ഗവേഷകന്‍ ഡോ. സന്തോഷ് ജെ ഈപ്പന്‍, കോളേജ് ഓഫ് മൈക്രോനേഷ്യയിലെ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. മുരുകേശന്‍ കൃഷ്ണപിള്ള, ഇന്റര്‍നാഷണല്‍ ബ്ലാക്ക് പെപ്പര്‍ ക്രോപ് അഡൈ്വസര്‍ ഡോ. സുനില്‍ ടാംഗലെ, മാനെ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്‌സ് ഗവേഷണ- വികസന മേധാവി പ്രശോഭ് എസ് പ്രസാദ്, യെസ് ബാങ്ക് പ്രതിനിധി പ്രദീപ് ശ്രീവാസ്തവ, കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ ഡീന്‍ ഡോ. എന്‍ മിനി രാജ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യ, ഇന്തൊനീഷ്യ, മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ മികച്ച കുരുമുളക് കര്‍ഷകര്‍ക്കും മൂല്യവര്‍ദ്ധിത കുരുമുളക് ഉല്പ്പന്നങ്ങളുടെ കയറ്റുമതിക്കാര്‍ക്കും കുരുമുളകില്‍ നിന്നും നൂതന ഉല്പ്പന്നങ്ങള് വികസിപ്പിക്കുന്ന വ്യാപാരികള്‍ക്കും നല്കുന്ന 'ഐപിസി ബെസ്റ്റ് അവാര്‍ഡ് 2024' പുരസ്‌കാര സമര്‍പ്പണവും സമ്മേളനത്തില്‍ നടന്നു.
