തിരുവനന്തപുരം സിറ്റി പോലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് റെയിന്‍ കോട്ടുകള്‍ സംഭാവന ചെയ്ത് യു എസ് ടി

Update: 2025-10-29 11:56 GMT

തിരുവനന്തപുരം, 29 ഒക്ടോബര്‍ 2025: സംസ്ഥാനത്ത് മഴക്കാലം ശക്തിപ്പെടുന്നതോടെ, സിറ്റി പോലീസിനും, അഗ്‌നിശമന സേനാംഗങ്ങള്‍ക്കും സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) സംരംഭത്തിന്റെ ഭാഗമായി, തിരുവനന്തപുരം സിറ്റി പോലീസിലെയും, അഗ്‌നിശമന സേനയിലെയും അംഗങ്ങള്‍ക്ക് 125 മഴക്കോട്ടുകള്‍ സംഭാവന ചെയ്തു.

കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍, തുമ്പ പോലീസ് സ്റ്റേഷന്‍, വലിയതുറ പോലീസ് സ്റ്റേഷന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ കഴക്കൂട്ടം സ്റ്റേഷന്‍, എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് മഴക്കോട്ടുകള്‍ വിതരണം ചെയ്തത്.

പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയും ശക്തമായി വീശുന്ന കാറ്റും പോലീസിനും അഗ്‌നിശമന സേനാംഗങ്ങള്‍ക്കും ഭീഷണിയായി മാറാറുണ്ട്. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതോടെ, അവരുടെ വെല്ലുവിളികളും പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, സംഭാവന ചെയ്ത റെയിന്‍കോട്ടുകള്‍ ഉപയോഗപ്രദമാകുമെന്ന് യുഎസ്ടിയിലെ സിഎസ്ആര്‍ വിഭാഗം വിശ്വസിക്കുന്നു.

റെയിന്‍ കോട്ടുകള്‍ കൈമാറുന്ന ചടങ്ങില്‍ യു എസ് ടി വര്‍ക്ക് പ്ലെയ്‌സ് മാനേജ്മെന്റ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍, സി എസ് ആര്‍ ലീഡ് വിനീത് മോഹനന്‍, വര്‍ക്ക് പ്ലെയ്‌സ് മാനേജ്മെന്റ് ടീമംഗം ഭദ്രകുമാര്‍ കൃഷ്ണപ്പണിക്കര്‍, എന്നിവര്‍ പങ്കെടുത്തു.

യുഎസ് ടി യോട് നന്ദി അറിയിച്ച കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് കൃഷ്ണന്‍, ''പൊതുസ്ഥലത്ത് പോലീസ് സേനാംഗങ്ങള്‍ ജോലി ചെയ്യുമ്പോള്‍ കനത്ത മഴയില്‍ അവര്‍ ബുദ്ധിമുട്ടാറുണ്ട്. യുഎസ് ടി സംഭാവന ചെയ്ത റെയിന്‍കോട്ടുകള്‍ ധരിച്ചു കൊണ്ട് കനത്ത മഴയ്ക്കിടെ ഗതാഗത നിയന്ത്രണവും മറ്റ് പ്രധാന ജോലികളും കൈകാര്യം ചെയ്യുന്നത് എളുപ്പമാകും,'' എന്ന് പറഞ്ഞു.

മഴക്കാലത്ത് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നതിനാല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. കനത്ത മഴയില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കു ലഭിച്ച മഴക്കോട്ടുകള്‍ ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷ.

Similar News