പാലായിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം സിറ്റിംഗ് അവസാനിപ്പിച്ചു
പാലാ: ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ പാലായിലെ ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ചതായി സൂചന. മുന്നറിയിപ്പൊന്നുമില്ലാതെ ഏതാനും ആഴ്ചകളായി പാലായിലെ ക്യാമ്പ് പെട്ടെന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും പാലായില്‍ സിറ്റിംഗ് ഉണ്ടായില്ല. എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിലായിരുന്നു പാലായില്‍ സിറ്റിംഗ് ഉണ്ടായിരുന്നത്.
പാലായിലെ മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും കോടതികള്‍ മൂന്നാനിയിലെ കോടതി സമുച്ചയത്തിലേയ്ക്ക് മാറ്റിയപ്പോള്‍ ബാര്‍ അസോസിയേഷന്‍ ഹാളായി പ്രവര്‍ത്തിച്ചിരുന്ന മുറി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ സിറ്റിംഗ് ക്യാമ്പായി മാറ്റുകയായിരുന്നു. എല്ലാ മാസവും നിരവധി കേസുകള്‍ ഇവിടെ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. പാലായിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി ആളുകള്‍ക്കു ഏറെ പ്രയോജനകരമായിരുന്നു മാസത്തില്‍ ഒരിക്കല്‍ പാലായില്‍ നടത്തിവന്നിരുന്ന സിറ്റിംഗ്.
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ പാലായിലെ സിറ്റിംഗ് അവസാനിപ്പിച്ചതോടെ പാലാ മേഖലയിലെ നിരവധി ഉപഭോക്താക്കള്‍ ദുരിതത്തിലായി. കേസ് ഫയല്‍ ചെയ്യണമെങ്കില്‍ കോട്ടയത്ത് വടവാതൂരില്‍ ഉള്‍പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഫോറം സിറ്റിംഗില്‍ പോകേണ്ട അവസ്ഥയാണ് നിലവില്‍. ഉപഭോക്തൃ കേസുകള്‍ പാലായില്‍ അധികം അഭിഭാഷകരൊന്നും കൈകാര്യം ചെയ്യാറില്ലാത്തതിനാല്‍ കോട്ടയത്തെയോ മറ്റോ അഭിഭാഷകരെ കണ്ടെത്തേണ്ട ഗതികേടിലാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍. ഒരു കേസിനായി പാലായില്‍ നിന്നും ഒരു അഭിഭാഷകന് മറ്റു കോടതികളിലെ സിറ്റിംഗ് ഒഴിവാക്കി പലതവണ വടവാതൂരില്‍ പോകേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനുള്ള ചിലവടക്കം പരാതിക്കാരനില്‍ നിന്നും വാങ്ങിക്കേണ്ട സ്ഥിതിയിലാണ്. മറ്റു കേസുകള്‍ മാറ്റിവച്ചു പോകേണ്ട അവസ്ഥ വന്നതിനാല്‍ ഉപഭോക്തൃവിഷയം കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ ഉപഭോക്തൃ കേസുകള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുകയാണ്. നിരവധി ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് പാലായിലെ ക്യാമ്പ് അവസാനിപ്പിച്ച നടപടി.
കേസുകള്‍ ഓണ്‍ ലൈനില്‍ വാദിക്കാമെങ്കിലും ഫയല്‍ ചെയ്യണമെങ്കില്‍ വടവാതൂരില്‍ എത്താതെ നിര്‍വ്വാഹമില്ല. കേസുകള്‍ ഓണ്‍ലൈനില്‍ വാദിക്കുന്നതിനു പരിമിതികള്‍ ഉണ്ടെന്നും പാലാ ബാറിലെ അഭിഭാഷകനായ അഡ്വ മാണി മുണ്ടത്താനം ചൂണ്ടിക്കാണിച്ചു.
ക്യാമ്പ് സിറ്റിംഗിനു എത്തിച്ചേരുന്ന ഉപഭോക്തൃ ഫോറം ജഡ്ജിജിമാര്‍ക്കുള്ള യാത്രാബത്ത അടക്കമുള്ളവ സംസ്ഥാന ഫോറം അനുവദിക്കാത്തതാണ് പാലായിലെ ക്യാമ്പ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെന്ന് പറയപ്പെടുന്നു. പാലായിലെ ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ച നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി. ഈ നടപടി നീതി നിഷേധിക്കുന്നതിനു തുല്യമാണെന്ന് വിലയിരുത്തപ്പെടുന്നു. മാസത്തില്‍ ഒരു തവണപോലും പാലായില്‍ സിറ്റിംഗ് നടത്താന്‍ കഴിയാത്തതിനു കാരണമൊന്നും കൃത്യമായി വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന ഫോറത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിറ്റിംഗ് അവസാനിപ്പിച്ചതെന്നാണ് അറിയുന്നത്. പാലായിലെ സിറ്റിംഗ് പുന:രാരംഭിക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംബന്ധിച്ചു കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രി ജി ആര്‍ അനിലിനു പരാതി നല്‍കിയതായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.