കൊച്ചിയില്‍ ചിത്രപ്രദര്‍ശനവുമായി ഗാലറി ജി

Update: 2025-04-25 12:09 GMT

കൊച്ചി: ബെംഗളൂരുവിലെ പ്രശസ്ത ആര്‍ട്ട് ഗാലറിയായ 'ഗാലറി ജി' ചിത്രപ്രദര്‍ശന പരമ്പരയായ 'ഗാലറി ജി: ഓണ്‍ ദി ഗോ' കൊച്ചിയില്‍ വരുന്നു. ഗാലറി ജിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഗീതാഞ്ജലി മൈനി ക്യൂറേറ്റ് ചെയ്ത ഈ പരമ്പര, ഇന്ത്യന്‍ കലയെ ഭൂമിശാസ്ത്രപരവും ആശയപരവുമായ അതിരുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിടുന്ന പ്രദര്‍ശനമാണ്. ഈ യാത്രാ പരമ്പരയിലെ ആദ്യ പ്രദര്‍ശനയിടമാണ് കൊച്ചി.

ബി പ്രഭ, മനു പരേഖ്, ഭാരതി പ്രജാപതി, വി എസ് ഗൈതോണ്ടെ, ആര്‍ ബി ഭാസ്‌കരന്‍, വിപിന്‍ ടി പാലോത്ത്, പെരുമാള്‍, പുഷ്പ ദ്രാവിഡ്, ഗണപതി ഹെഗ്ഡെ, സംഗീത അഭയ് എന്നീ കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന സൃഷ്ടികള്‍ ഉള്‍കൊള്ളുന്ന ഈ പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് ഇന്ത്യന്‍ കലയുടെ ആഴവും വൈവിധ്യവും അനുഭവിക്കാന്‍ ഉതകുന്നതാണ്.

വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ റിസോര്‍ട്ടിലെ രാജ വര്‍മ്മ ഹാളില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം, ഇന്ത്യയുടെ കലാപരമായ പരിണാമത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം നല്‍കുന്ന ഒന്നായിരിക്കും. മെയ് 2 വെള്ളി ഉച്ചയ്ക്ക് 12 മുതല്‍ ആരംഭിച്ച് വൈകുന്നേരം 5 വരെയും മെയ് 3 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയും മെയ് 4 ഞായര്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെയുമാണ് പ്രദര്‍ശന സമയം.

'നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറമുള്ള സഞ്ചാരമാണ് 'ഓണ്‍ ദി ഗോ'. ഞങ്ങളുടെ യാത്രയില്‍ എപ്പോഴും ഭാഗമായിട്ടുള്ള പ്രേക്ഷകരിലേക്ക് ശ്രദ്ധാപൂര്‍വ്വം ക്യൂറേറ്റ് ചെയ്ത പ്രദര്‍ശനങ്ങള്‍ എത്തിക്കുന്നതിനാണിത്.' ഗാലറി ജി സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഗീതാഞ്ജലി മൈനി പറഞ്ഞു.

പ്രദര്‍ശനത്തിനു പുറമേ, കലാ സമ്മേളനങ്ങളും സംവാദങ്ങളും പ്രത്യേക സായാഹ്ന സെഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും. മെയ് 2ന്, പ്രശസ്ത കലാകാരനും ക്യൂറേറ്ററും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹസ്ഥാപകനുമായ റിയാസ് കോമു 'മേക്കിംഗ് ആസ് തിങ്കിംഗ്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വൈകുന്നേരം 6.30 മുതല്‍ രാത്രി 7.30 വരെ നടക്കുന്ന ഈ സെഷനില്‍, സമകാലിക കലാനിര്‍മ്മാണത്തെ കൊച്ചി എങ്ങനെ പുനര്‍നിര്‍വചിച്ചു എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കും. മെയ് 3ന് എഴുത്തുകാരനും ചരിത്രകാരനുമായ മനു എസ്. പിള്ള 'കല ചരിത്രമായി: കലയിലൂടെ ഭൂതകാലത്തെ കണ്ടെത്തല്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കല ഒരു ദൃശ്യ ശേഖരമായി എങ്ങനെ പ്രവര്‍ത്തിക്കുന്നു, ബ്രഷ്സ്‌ട്രോക്കുകള്‍, കൊത്തുപണികള്‍, രചനകള്‍ എന്നിവയിലൂടെ ചരിത്രത്തെ പകര്‍ത്തുന്നു എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സെഷനില്‍ അദ്ദേഹം നേതൃത്വം നല്‍കും.

Similar News