ഇന്ത്യ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സ് നവംബര്‍ 15 വരെ ഹൈദരാബാദില്‍

Update: 2024-11-13 10:55 GMT

കൊച്ചി: ഗെയിം ഡെവലപ്പര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഇന്ത്യ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സിന്റെ 16-ാമത് പതിപ്പ് ഇന്ന് മുതല്‍ ( നവംബര്‍ 13 ) ഹൈദരാബാദില്‍ ആരംഭിക്കും. 15 വരെ ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നത്.

ആഗോളതലത്തില്‍ പ്രസിദ്ധരായ വീഡിയോ ഗെയിമിംഗ് കമ്പനി സ്ഥാപകരും സിഎക്‌സ്ഒകളും നയിക്കുന്ന കോണ്‍ഫറന്‍സില്‍ 20,000-ലധികം പേര്‍ പങ്കെടുക്കും. 250ലേറെ സ്പീക്കര്‍മാരും 150ലേറെ സെഷനുകളും ഉണ്ടാകും. ജോര്‍ദാന്‍ വെയ്സ്മാന്‍ (ബാറ്റില്‍ടെക്ക്, മെക്ക് വാരിയര്‍, ഷാഡോ റണ്‍ എന്നിവയുടെ സ്രഷ്ടാവ്), ടിം മോര്‍ട്ടന്‍ (സ്റ്റാര്‍ക്രാഫ്റ്റ് II, അടുത്തിടെ പുറത്തിറക്കിയ സ്റ്റോം ഗേറ്റ് എന്നിവയ്ക്ക് പിന്നിലുള്ള വ്യക്തി), ബ്രൈസ് ജോണ്‍സണ്‍ (എക്സ്ബോക്സ് അഡാപ്റ്റീവ് കണ്‍ട്രോളറിന്റെ സഹ സ്ഥാപകന്‍) തുടങ്ങിയ ഗെയിമിംഗ് രംഗത്തെ പ്രമുഖര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

ലോകമെമ്പാടുമുള്ള ഗെയിമിംഗ് വ്യവസായത്തിലെ ട്രെന്‍ഡുകള്‍, വെല്ലുവിളികള്‍, പുതുമകള്‍ എന്നിവ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. കൂടാതെ, ഇന്‍ഡി ഡെവലപ്പര്‍മാര്‍, ബോര്‍ഡ് ഗെയിമുകള്‍, ഗെയിമിംഗ് കമ്പനികള്‍, കണ്‍ട്രി പവലിയനുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന വിപുലമായ എക്‌സ്‌പോയും കോണ്‍ഫറന്‍സിന്റെ ഭാഗമായുണ്ട്. നവംബര്‍ 14-ന് നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ പത്ത് വിഭാഗങ്ങളിലായി ഇന്റര്‍നാഷണല്‍ ഗെയിം അവാര്‍ഡും രണ്ട് പ്രത്യേക ജൂറി പുരസ്‌കാരങ്ങളും സമ്മാനിക്കും.

നയ ചര്‍ച്ചകള്‍, ടാലന്റ് ഡെവലപ്പമെന്റ്, അന്താരാഷ്ട്ര സഹകരണങ്ങള്‍ എന്നിവയിലൂടെ രാജ്യത്തിന്റെ വീഡിയോ ഗെയിമിംഗ് വ്യവസായത്തിന് പുതിയ ഉയരങ്ങള്‍ കൈവരിക്കുന്നതിന് സമ്മേളനം വഴിയൊരുക്കും. ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.indiagdc.com സന്ദര്‍ശിക്കാം.

Tags:    

Similar News