പ്രകൃതിയോടുള്ള സമീപനത്തില്‍ വന്ന മാറ്റമാണ് മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങളുടെ അടിസ്ഥാനം; സംഷാദ് മരക്കാര്‍
വൈത്തിരി: പ്രകൃതിയുടെയും ആവാസ വ്യവസ്ഥയുടെയും നിലനില്‍പ്പിനുതന്നെ ദോഷകരമാകുന്ന ഇടപെടലുകളാണ് ജനവാസ മേഖലയിലെ മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങളുടെ അടിസ്ഥാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. പൂക്കോട് വെറ്ററിനറി കോളേജില്‍ നടക്കുന്ന അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവിന്റെ നാലാം ദിനം സംഘടിപ്പിച്ച 'മനുഷ്യ- വന്യജീവി സംഘര്‍ഷം; പൊതുജന കാഴ്ചപാടുകള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'വന്യജീവി സംഘര്‍ഷങ്ങള്‍ അധികമുള്ള നാടാണ് നമ്മുടെ ജില്ല. കൃഷി നാശങ്ങള്‍ക്ക് പുറമെ ആള്‍ നാശവും വന്യജീവികളുടെ ആക്രമണം മൂലം ഉണ്ടാകാറുണ്ട്.വയനാട് ജില്ലയുടെ സ്വാഭാവികമായ ജൈവീകത വലിയതോതില്‍ നഷ്ടമാകുന്ന കാര്യം പൊതു ചര്‍ച്ചയാകണം. മഞ്ഞക്കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങള്‍ കാടിന്റെ സ്വാഭാവികതയെ തകര്‍ക്കുന്നു. ഇത് തടയണം. വന്യജീവികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടണം. മാറി വരുന്ന സര്‍ക്കാരുകളുടെ കര്‍മ്മ പദ്ധതികള്‍ക്കും അപ്പുറത്തേക്ക് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമായാണ് ഈ വിഷയത്തെ നമ്മള്‍ കാണേണ്ടത്. എങ്കില്‍ മാത്രമേ, മനുഷ്യ മേഖലയിലുള്ള വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുകയുള്ളു.'- അദ്ദേഹം പറഞ്ഞു.
സെമിനാറില്‍, ജില്ലയിലെ മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങളുടെ കഴിഞ്ഞ 30 വര്‍ഷത്തെ പ്രവണതകള്‍, മനുഷ്യ- വന്യജീവി സംഘര്‍ഷം; നിലവിലെ സാഹചര്യങ്ങള്‍, സംഘര്‍ഷ ലഘൂകരണത്തിനായുള്ള മാര്‍ഗങ്ങള്‍, പൊതുജന പങ്കാളിത്തത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളില്‍ സൗത്ത് ഡിഎഫ്ഒ അജിത്ത് കെ രാമന്‍, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ, കേരള കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം ഷാജി, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ (റിട്ട.) ഡോ. ഇ കെ ഈശ്വരന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. കന്നുകാലി, മൃഗ സംരക്ഷണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് ഈ മാസം 29ന് സമാപിക്കും.