ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനം ജീവിത ലക്ഷ്യം: ഗോപിനാഥ് മുതുകാട്

Update: 2025-08-08 09:32 GMT

കോഴിക്കോട്: ഭിന്നശേഷി കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന്, പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ സംഘടിപ്പിച്ച 'മൈ പാരന്റ്സ് മൈ ഹീറോസ്' പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ നടക്കുന്ന 'ഇല്ല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍' മാജിക് ഷോയുടെ മുന്നോടി ആയാണ് സംവാദ പരിപാടി സംഘടിപ്പിച്ചത്. ആന്‍സി എന്ന വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തില്‍ പ്രചോദനം നല്‍കുന്ന കാര്യങ്ങള്‍ എന്താണ് എന്ന ചോദ്യത്തിന്, മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നത് മറ്റെന്തിനേക്കാളും തനിക്ക് കൂടുതല്‍ ആത്മ സംതൃപ്തി നല്‍കുന്നുവെന്ന് മുതുകാട് മറുപടി പറഞ്ഞു.

തുടര്‍ന്ന്, ഹൃദയസ്പര്‍ശിയായ ഒരു കഥ മുതുകാട് വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. 'ഒരിക്കല്‍, ഭിന്നശേഷികുട്ടിയുടെ അമ്മ എന്നോട് പറഞ്ഞു, തന്റെ മകന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും തന്നെ 'അമ്മ' എന്ന് വിളിക്കുന്നത് കേള്‍ക്കുക എന്നതാണ് തന്റെ ഏക ആഗ്രഹമെന്ന്. ആ സമയത്ത് കുട്ടിക്ക് ശരിയായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തുള്ള ഞങ്ങളുടെ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ (ഡിഎസി) ഞങ്ങള്‍ അവന് പരിശീലനം നല്‍കി, അവന്റെ സംസാരം ക്രമേണ മെച്ചപ്പെട്ടു. ഇപ്പോള്‍, അവന്‍ ആ സ്ത്രീയെ ആയിരത്തിലധികം തവണ 'അമ്മ' എന്ന് വിളിച്ചിട്ടുണ്ടാകും. ഇത്തരത്തിലുള്ള നല്ല മാറ്റങ്ങള്‍ക്കാണ് ഡിഫറന്റ് ആര്‍ട്ട് സെന്ററും താനും പരിശ്രമിക്കുന്നത്,' മുതുകാട് വിശദീകരിച്ചു.

ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഓട്ടിസം, സെറിബ്രല്‍ പള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്ടിവിറ്റി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന നിരവധി കുട്ടികളാണ് മാജിക്, സംഗീതം, നൃത്തം എന്നിവയുള്‍പ്പെടെ വിവിധ കലകളില്‍ സൗജന്യമായി പരിശീലനം നേടുന്നത്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐഐപിഡി) ആണ് വരാനിരിക്കുന്ന ഒരു പ്രധാന സംരംഭംമെന്നും സംസ്ഥാനത്തുടനീളമുള്ള ഭിന്നശേഷിക്കുട്ടികളെ ശാക്തീകരിക്കുന്നതിന് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എന്നപോലെ ഐഐപിഡിയും പ്രവര്‍ത്തിക്കുമെന്നും മുതുകാട് പറഞ്ഞു.

ജീവിതത്തില്‍ താന്‍ പലതവണ ഞാന്‍പരാജയത്തിന്റെ കൈപ്പുനീര്‍ രുചിച്ചിട്ടുണ്ടെന്നു പറഞ്ഞ മുതുകാട് വിദ്യാര്‍ത്ഥികളോട്സ്ഥിരോത്സാഹത്തോടെ മുന്നേറാന്‍ ആവശ്യപ്പെട്ടു. 'ജീവിതത്തില്‍ പലതവണ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ, ഓരോ പരാജയത്തെയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി ഞാന്‍ മാറ്റി. പരാജയകള്‍ക്ക് ശേഷം ഒരിക്കലും തളരരുത്.' മുതുകാട് കൂട്ടിച്ചേര്‍ത്തു.

മുതുകാടിന്റെ മാന്ത്രിക ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'ഗോപിനാഥ് മുതുകാട്- മാജിക്കിന്റെ 45 വര്‍ഷങ്ങള്‍' ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും 'മൈ പാരന്റ്സ് മൈ ഹീറോസ്' പരിപാടിയുടെ ഭാഗമായി നടന്നു. സമര്‍പ്പണത്തോടെയും അഭിനിവേശത്തോടെയും തങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ ഡോക്യുമെന്ററി പ്രചോദനം നല്‍കിയെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. അനീഷ് കുര്യന്‍ സ്വാഗതവും മാജിക് പ്ലാനറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ സി.കെ സുനില്‍ രാജ് നന്ദിയും പറഞ്ഞു. 'ഗോപിനാഥ് മുതുകാട്- മാജിക്കിന്റെ 45 വര്‍ഷങ്ങള്‍' ഡോക്യുമെന്ററി സംവിധായകന്‍ പ്രജീഷ് പ്രേം വിശിഷ്ടാതിഥിയായി പങ്കെടുത്തു.

'ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍' ഷോയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. മലയാളം വിഭാഗത്തില്‍ ഫാത്തിമ ഷെഹ്ല വി ടി (ഗവ. ഐടിഐ കോഴിക്കോട്), ക്രിസ്റ്റ മരിയ ഫെലിക്‌സ് (സെന്റ് മേരീസ് എച്ച്എസ്എസ്, മുള്ളന്‍കൊല്ലി, വയനാട്), ടി എന്‍ മീനാക്ഷി, ആദര്‍ശ് പി (യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മുണ്ടൂര്‍, പാലക്കാട്), അതുല്യ ഗാന്ധി വി.ടി. നാഷണല്‍ സര്‍വകലാശാല, കോഴിക്കോട്, ജെ.ഡി.ടി. ധര്‍മന്‍ എന്നിവര്‍ വിജയികളായി. ഇംഗ്ലീഷ് വിഭാഗത്തില്‍ ചൈത്ര എസ് (ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍, നടക്കാവ്, കോഴിക്കോട്), വിദ്യ ഇ (എംഎസ്എസ് പബ്ലിക് സ്‌കൂള്‍, മാവലിക്കടവ്, കോഴിക്കോട്), നീരജ് കെ ദാസ് (യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മുണ്ടൂര്‍, പാലക്കാട്), ഇഷാന്‍വി ശ്രീദത്ത് രശ്മിത (ഭവന്‍സ്, കോഴിക്കോട് പെരുംതിരുത്തി) എന്നിവരും വിജയികളായി.

Similar News