കിര്‍ഗിസ്ഥാന്‍ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരം: മര്‍കസ് വിദ്യാര്‍ഥി ഇന്ത്യയെ പ്രതിനിധീകരിക്കും.
കോഴിക്കോട്: മധ്യേഷ്യന്‍ രാജ്യമായ രാജ്യമായ കിര്‍ഗിസ്ഥാനില്‍ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മര്‍കസ് കുല്ലിയ്യ ഉസ്വൂലുദ്ദീന്‍ വിദ്യാര്‍ഥി ഹാഫിള് സൈനുല്‍ ആബിദ് പങ്കെടുക്കും. കിര്‍ഗിസ്ഥാന്‍ മുസ്ലിം റിലീജ്യസ് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തില്‍ മുഫ്തി ശൈഖ് ഹാഫിസ് അബ്ദുല്‍ അസീസിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന മത്സരത്തില്‍ 30 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ മാറ്റുരക്കും.
സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ നടക്കുന്ന മത്സരങ്ങളില്‍ വിവിധ സെഷനുകള്‍ പൂര്‍ത്തീകരിച്ച് അവസാന റൗണ്ടില്‍ വിജയിക്കുന്നവര്‍ക്കാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. ദുബൈ, താന്‍സാനിയ അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ ജേതാവായിരുന്നു സൈനുല്‍ ആബിദ്.
മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്നാണ് ഖുര്‍ആന്‍ മനഃപാഠമാക്കിയത്. നിലവില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യോളജി അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥി കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രശസ്ത ഖുര്‍ആന്‍ പാരായണ-മനഃപാഠ മത്സരങ്ങളില്‍ എല്ലാ വര്‍ഷവും ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും ഉന്നത വിജയം നേടാറുമുണ്ട്. ഇതിനകം 26 അന്താരാഷ്ട്ര അവാര്‍ഡുകള്‍ മര്‍കസ് ഖുര്‍ആന്‍ അക്കാദമിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കിര്‍ഗിസ്ഥാനിലേക്ക് പുറപ്പെട്ട ഹാഫിള് സൈനുല്‍ ആബിദിനെ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ജാമിഅ റെക്ടര്‍ ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വിജയാശംസകള്‍ നേര്‍ന്ന് യാത്രയാക്കി.