രക്തമൂലകോശംദാനത്തിലൂടെ രക്താര്‍ബുദ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് കോഴിക്കോട് സ്വദേശി
കൊച്ചി: യുവ ഐടി പ്രൊഫഷണല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ രക്തമൂലകോശംദാനത്തിലൂടെ രക്താര്‍ബുദ രോഗിയുടെ ജീവന്‍ രക്ഷിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2022-ല്‍ ഒരു റമദാന്‍ മാസത്തില്‍ ഉപവാസം പോലും മാറ്റി വച്ച് കോഴിക്കോട് സ്വദേശി അബ്ദുല്‍ ഖാദര്‍ നല്‍കിയ രക്തമൂലകോശംദാനമാണ് രക്താര്‍ബുദം ബാധിച്ച ഒരു 50 കാരന്റെ ജീവന്‍ നിലനിര്‍ത്തിയത്. അപൂര്‍വ രക്താര്‍ബുദമായ മൈലോഫിബ്രോസിസ് എന്ന രോഗം പിടിപെട്ട കൊച്ചി സ്വദേശിയാണ് രോഗത്തില്‍ നിന്ന് പൂര്‍ണ്ണമായും സുഖം പ്രാപിച്ചത്.
2018 ലാണ് അബ്ദുല്‍ ഖാദര്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഡികെഎംഎസ് ഫൗണ്ടേഷനിലൂടെ രക്തമൂലകോശംദാനം ചെയ്യുന്നത്. നിയമപ്രകാരം ഒരു വര്‍ഷം വരെ സ്വീകര്‍ത്താവിന്റെ വിവരങ്ങള്‍ക്ക് വെളിപ്പെടുത്താനാവില്ല ശേഷം സ്വീകര്‍ത്താവിന്റെ സമ്മതപത്രം ലഭിച്ചതിന് ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചത്.
രക്താര്‍ബുദം പോലുള്ള നൂറിലധികം മാരക രക്തജന്യ രോഗങ്ങള്‍ക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശംദാനം. രോഗിക്ക് വേണ്ടി സാമ്യമുള്ള രക്തമൂലകോശങ്ങള്‍ ദാനം ചെയ്യുന്നതിനൊരു ദാതാവിനെ കണ്ടെത്തിയാല്‍ മാത്രമേ ചികിത്സ സാധ്യമാകു. രക്തമൂലകോശദാനത്തിന് രക്ത ഗ്രൂപ്പ് സാമ്യത്തിന്റെ ആവശ്യകതയില്ല.