ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി 'ഏകത്വ' പദ്ധതിക്ക് തുടക്കം കുറിച്ച് എച്ച്എല്‍എല്‍
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ശാക്തീകരിക്കുന്നതിനായി 'ഏകത്വ' പദ്ധതിക്ക് തുടക്കം കുറിച്ച് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് (എച്ച്എല്‍എല്‍). കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനിരത്‌ന പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
എച്ച്എല്‍എല്ലിന്റെ സാമൂഹിക വിദ്യാഭ്യാസ വികസന വിഭാഗമായ എച്ച്എല്‍എല്‍ മാനേജ്‌മെന്റ് അക്കാദമി (എച്ച്എംഎ) നദി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി, തൊഴില്‍ നൈപുണ്യ പരിശീലനം, സംരംഭകത്വ പിന്തുണ, മാനസികാരോഗ്യ ഇടപെടലുകള്‍ എന്നീ സേവനങ്ങള്‍ വഴി കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗവും മാനസിക ക്ഷേമവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്തെ കാപ്പിനെസ് മെന്റല്‍ ഹെല്‍ത്ത് കഫേ ആന്റ് തെറാപ്പിക് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ എച്ച്എല്‍എല്‍ വൈസ് പ്രസിഡന്റ് ഡോ. എസ്. എം. ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഷംനാദ് ഷംസുദീന്‍, കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ സലിം കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിളക്കു കൊളുത്തി നിര്‍വഹിച്ചു. ചടങ്ങില്‍ നദി ഫൗണ്ടേഷന്‍ ഡയറക്ടര്‍ പി.ബി. പ്രബിന്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് പദ്ധതിയുടെ ഗുണഭോക്താകള്‍ക്കായുള്ള ഓറിയന്റേഷന്‍ സെഷന്‍ നടന്നു. പ്രോജക്ട് കോഡിനേറ്റര്‍ ശാക്യ എസ്. പ്രിയംവദ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ ഗുണഭോക്താകള്‍ക്കായി വിശദീകരിച്ചു. തുടര്‍ന്ന് തൊഴിലധിഷ്ഠിത പരിശീലനത്തെയും ഉപജീവന അവസരങ്ങളെയും കുറിച്ചുള്ള സെഷനുകളും ഗുണഭോക്താക്കായുള്ള സംവാദ പരിപാടിയും നടന്നു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സമഗ്രമായ സാമൂഹിക വികസനം ഉറപ്പാക്കുക എന്ന എച്ച്എല്‍എല്ലിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് 'ഏകത്വ' പദ്ധതി നടപ്പാക്കുന്നത്.