എച്ച്എല്‍എല്ലിന്റെ 'തിങ്കള്‍' പദ്ധതി: ഈ വര്‍ഷം കേരളത്തില്‍ മൂന്ന് ലക്ഷം ആര്‍ത്തവ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യും
തിരുവനന്തപുരം: ആര്‍ത്തവ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യാ ഗവണ്‍മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് (എച്ച്എല്‍എല്‍) നടപ്പിലാക്കുന്ന 'തിങ്കള്‍' പദ്ധതിയിലൂടെ കേരളത്തില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം ആര്‍ത്തവ കപ്പുകള്‍ (മെന്‍സ്ട്രല്‍ കപ്പുകള്‍) സൗജന്യമായി വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാരുമായും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാകുന്നതെന്ന് എച്ച്എല്‍എല്‍ അധികൃതര്‍ അറിയിച്ചു.
എച്ച്എല്‍എല്‍ ഇതുവരെ സംസ്ഥാനത്ത് ആകെ 8 ലക്ഷം ആര്‍ത്തവ കപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മൂന്നു ലക്ഷം ആര്‍ത്തവ കപ്പുകള്‍ കൂടി വിതരണം ചെയ്താല്‍, 'തിങ്കള്‍' പദ്ധതി വഴി കേരളത്തില്‍ വിതരണം ചെയ്യുന്ന ആകെ ആര്‍ത്തവ കപ്പുകളുടെ എണ്ണം 11 ലക്ഷമായി ഉയരും.
എച്ച്എല്‍എല്ലിന്റെ മുന്‍കാല ശ്രമങ്ങള്‍ എറണാകുളത്തെ കുമ്പളങ്ങി പഞ്ചായത്തും തിരുവനന്തപുരത്തെ കള്ളിക്കാട് പഞ്ചായത്തും സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമങ്ങളായി മാറ്റിയെടുത്തിട്ടുണ്ടെന്ന് എച്ച്എല്‍എല്ലിന്റെ അനുബന്ധ സ്ഥാപനമായ എച്ച്എല്‍എല്‍ മാനേജ്‌മെന്റ് അക്കാദമിയിലെ പബ്ലിക് ഹെല്‍ത്ത് പ്രോജക്ട്‌സ് മാനേജര്‍ ഡോ. കൃഷ്ണ എസ് എച്ച് പറഞ്ഞു.
2022-ല്‍ അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കുമ്പളങ്ങി പഞ്ചായത്തിനെ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമമായി പ്രഖ്യാപിച്ചത്. 2024-ല്‍ തിരുവനന്തപുരം എം പി ശശി തരൂര്‍ കള്ളിക്കാട് പഞ്ചായത്തിനെ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമമായി പ്രഖ്യാപിച്ചു. കുമ്പളങ്ങി, കള്ളിക്കാട് പഞ്ചായത്തുകളില്‍ ഏകദേശം 5,000 ആര്‍ത്തവ കപ്പുകള്‍ വീതം 'തിങ്കള്‍' പദ്ധതി വഴി വിതരണം ചെയ്തിരുന്നുവെന്ന് ഡോ. കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
2018-ലെ വെള്ളപ്പൊക്ക സമയത്ത് ആലപ്പുഴ മുനിസിപ്പാലിറ്റിയിലാണ് 'തിങ്കള്‍' പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. വെള്ളപ്പൊക്ക സമയത്ത് സാനിറ്ററി നാപ്കിനുകള്‍ സംസ്‌കരിക്കുന്നതിനായി എച്ച്എല്‍എല്‍ മുനിസിപ്പാലിറ്റിക്ക് ഒരു ഇന്‍സിനറേറ്റര്‍ നല്‍കിയിരുന്നെങ്കിലും, അതിലൂടെ സാനിറ്ററി നാപ്കിന്‍ മാലിന്യത്തിന് ശാശ്വത പരിഹാരമായില്ല.
പിന്നീട്, എച്ച്എല്‍എല്‍ 'തിങ്കള്‍' പദ്ധതി നടപ്പിലാക്കുകയും മുനിസിപ്പാലിറ്റിയില്‍ ഏകദേശം 5,000 ആര്‍ത്തവ കപ്പുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ബോധവല്‍ക്കരണ ക്ലാസുകളില്ലാതെ പദ്ധതി നടപ്പിലാക്കിയപ്പോള്‍ ആര്‍ത്തവ കപ്പുകളുടെ സ്വീകാര്യത നിരക്ക് 20 ശതമാനമായിരുന്നുവെന്ന് ഡോ. കൃഷ്ണ ചൂണ്ടികാട്ടി. പിന്നീട്, മെഡിക്കല്‍ വിദഗ്ധരുടെ സഹായത്തോടെ ആര്‍ത്തവ കപ്പുകള്‍ ഉപയോഗിക്കാനുള്ള പരിശീലന ക്ലാസ്സുകളും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സുകളും ഗുണഭോക്താകള്‍ക്കുവേണ്ടി സംഘടിപ്പിച്ചു. കൂടാതെ, ആര്‍ത്തവ കപ്പുകള്‍ വിതരണം ചെയ്തതിന് ശേഷം, കപ്പുകള്‍ ഉപയോഗിച്ചവരും ഉപയോഗിക്കാന്‍ വിമുഖത പ്രകടിപ്പിച്ചവരും തമ്മില്‍ പരസ്പരം സംവദിക്കാന്‍ ഒരു വേദിയും ഒരുക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആര്‍ത്തവ കപ്പിന്റെ സ്വീകാര്യത നിരക്ക് 91.5 ശതമാനമായി ഉയര്‍ത്തി. മെന്‍സ്ട്രല്‍ കപ്പിന് ഉയര്‍ന്ന സ്വീകാര്യത നിരക്ക് ഉറപ്പാക്കുന്ന നടപടിക്രമങ്ങളാണ് 'തിങ്കള്‍' പദ്ധതിയുടെ വിജയ രഹസ്യമെന്നും ഡോ. കൃഷ്ണ പറഞ്ഞു.
നിലവില്‍ കേരളത്തിനു പുറമെ ഹരിയാന, തെലങ്കാന, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശുകളിലും ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. എച്ച്എല്‍എല്‍ എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശുകളിലും കൂടി ഇതുവരെ 10.73 ലക്ഷം മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 10.73 ലക്ഷത്തിലധികം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുക വഴി 20000 ടണ്‍ നാപ്കിന്‍ മാലിന്യം കുറയ്ക്കാനും കാര്‍ബണ്‍ എമിഷന്‍ 0.1 മില്യന്‍ ടണ്‍ വരെ കുറയ്ക്കാനും സാധിച്ചു.
എച്ച്എല്‍എല്‍ ആര്‍ത്തവ കപ്പ് പുനഃരുപയോഗിക്കാവുന്നതും രാജ്യാന്തര ഗുണമേന്മ മാനദണ്ഡമായ എഫ്ഡിഎ അംഗീകൃത മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചതുമാണ്. കുറഞ്ഞത് 5 വര്‍ഷം വരെ ആര്‍ത്തവ കപ്പുകള്‍ ഉപയോഗിക്കാനാകും. സാനിറ്ററി നാപ്കിനുകള്‍ക്കും ഡിസ്പോസിബിള്‍ ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങള്‍ക്കും സുരക്ഷിതമായ ബദലായി ആര്‍ത്തവ കപ്പുകളെ കണക്കാക്കപ്പെടുന്നു. ഉപയോഗിച്ചതിനു ശേഷം തിളപ്പിച്ച വെള്ളത്തില്‍ ആര്‍ത്തവ കപ്പുകള്‍ അണുവിമുക്തമാക്കാന്‍ സാധിക്കും. തിങ്കള്‍ എന്ന ബ്രാഡിനു പുറമേ, എച്ച്എല്‍എല്‍ വെല്‍വെറ്റ്' എന്ന ബ്രാന്‍ഡിലും കൂള്‍ കപ്പ്' എന്ന ബ്രാന്‍ഡിലും ആര്‍ത്തവ കപ്പുകള്‍ വിതരണം ചെയ്തു വരുന്നുണ്ട്.