ഐ സി എഫ് വിശ്വാസപൂര്‍വം ബുക്ക് ടെസ്റ്റ് നടത്തുന്നു; പരീക്ഷ ആഗസ്റ്റ് 29, 30 നും വിവിധ രാജ്യങ്ങളിലെ നൂറിലധികം കേന്ദ്രങ്ങളില്‍

Update: 2025-08-28 12:26 GMT

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ 'വിശ്വാസപൂര്‍വം' അടിസ്ഥാനമാക്കി ഐ സി എഫ് പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്മെന്റ് ഇന്റര്‍നാഷനല്‍ തലത്തില്‍ ബുക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29, 30 ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിലെ നൂറിലധികം കേന്ദ്രങ്ങളിലാണ് ടെസ്റ്റ് നടക്കുക.

വ്യക്തിഗത അനുഭവങ്ങള്‍ക്കും ഓര്‍മകള്‍ക്കും പുറമെ കേരളത്തിലെ സവിശേഷ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശുന്ന ഗ്രന്ഥമാണ് വിശ്വാസപൂര്‍വം. മലയാളികളുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന നിരവധി അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമായ അത് കനല്‍പഥങ്ങളിലൂടെ സഞ്ചരിച്ച് സമൂഹത്തിന് ദിശാബോധം നല്‍കുകയും പിന്നാക്കം നിന്നിരുന്ന സമൂഹത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയിലെത്തിച്ച് മാതൃകയായ ഒരു മഹാമനീഷിയുടെ വ്യക്തിജീവിതം വരച്ചു കാണിക്കുക കൂടി ചെയ്യുന്നുണ്ട്.

അപരനെ ഉള്‍ക്കൊള്ളാനും സംരക്ഷണം തീര്‍ക്കാനും കാന്തപുരം കാണിക്കുന്ന മാനവിക സന്ദേശവും കാഴ്ചപ്പാടുകളും സമൂഹം ഏറെ ചര്‍ച്ച ചെയ്യുന്ന ഈ ഘട്ടത്തില്‍ ഈ പുസ്തകവായനക്ക് ഏറെ പ്രസക്തിയുണ്ട്. ഒരു സമൂഹത്തിന്റെ നവോത്ഥാന ചരിത്രവും അത്യപൂര്‍വമായ ജനമുന്നേറ്റത്തിന്റെ നാള്‍വഴികളും എല്ലാവരും വായിച്ചിരിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമായ അനുഭവങ്ങളാണെന്നതിനാലാണ് വിശ്വാസപൂര്‍വം പരീക്ഷക്കായി തെരഞ്ഞെടുത്തതെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വ്യക്തമാക്കി.

വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരീക്ഷയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത നൂറുകണക്കിന് പരീക്ഷാര്‍ത്ഥികള്‍ പങ്കെടുക്കും. പരീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സാം കോര്‍ഡിനേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. വിവിധ തലങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കു നേടുന്നവര്‍ക്ക് നിരവധി സമ്മാനങ്ങള്‍ ഐ സി എഫ് ന്റെ വിവിധ ഘടകങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News