മദ്രാസ് ഐഐടിയും പാലക്കാട് ഐഐടിയും സംയുക്ത വിദ്യാഭ്യാസ സംരംഭത്തിന് തുടക്കമിട്ടു
കൊച്ചി: റിസര്‍ച്ച് ഇന്റേണ്‍ഷിപ്പുകള്‍, സമ്മര്‍ പ്രോഗ്രാമുകള്‍, വിഭവശേഷി പങ്കിടല്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മദ്രാസ് ഐഐടിയും പാലക്കാട് ഐഐടിയും ധാരണാപത്രം ഒപ്പിട്ടു.
മദ്രാസ് ഐഐടിയില്‍ ഡാറ്റ സയന്‍സ് & അപ്ലിക്കേഷന്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് പ്രോഗ്രാമുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാലക്കാട് ഐഐടിയില്‍ കോഴ്‌സുകളില്‍ ചേര്‍ന്ന് തങ്ങളുടെ ക്രെഡിറ്റ് പൂര്‍ത്തികരിക്കാനാകും. അതുപോലെ, പാലക്കാട് ഐഐടിയില്‍ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മദ്രാസ് ഐഐടി നടത്തുന്ന ഡാറ്റ സയന്‍സ് & അപ്ലിക്കേഷന്‍ ബിഎസ് പ്രോഗ്രാമുകളില്‍ എന്റോള്‍ ചെയ്യാനുമാകും.
സഹകരണത്തിനുള്ള ധാരണാപത്രം ഐഐടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി, ഐഐടി പാലക്കാട് ഡയറക്ടര്‍ പ്രൊഫ. എ. ശേഷാദ്രി ശേഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. ഈ സഹകരണം സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടികള്‍, ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ എന്നിവയും സാധ്യമാക്കും. ബിഎസ് പ്രോഗ്രാം അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍-പേഴ്സണ്‍ ലേണിംഗ് അവസരങ്ങള്‍ നല്‍കുന്നതിനായി ഐഐടി മദ്രാസ് രാജ്യത്തെ മറ്റ് പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഐഐടി ഗാന്ധിനഗര്‍, ഐഐടി ഹൈദരാബാദ്, ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ ബിഎസ് (ഡാറ്റ സയന്‍സ്) ഡിഗ്രി പ്രോഗ്രാം പഠിക്കുന്ന ഐഐടി മദ്രാസിലെ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ക്യാമ്പസ് കോഴ്സുകള്‍ പഠിക്കാന്‍ അവസരം നല്കിയിട്ടുണ്ട്.