പ്രമുഖ വ്യവസായി കെ മുരളീധരന് 'മലയാളി ഓഫ് ദ ഇയര്‍' പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു
ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയര്‍ (മാതൃകാ മലയാളി) പുരസ്‌കാരം പ്രശസ്ത സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ കേശവന്‍ മുരളീധരന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.
തൈക്കാട് ലെമണ്‍ട്രീ പ്രീമിയറില്‍ നടന്ന ചടങ്ങില്‍ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. കഠിനാധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും ഗള്‍ഫില്‍ കെട്ടിപ്പടുത്ത സതേണ്‍ ഫ്രാഞ്ചൈസ് കമ്പനി എന്ന ബിസിനസ് സാമ്രാജ്യം മലയാളികള്‍ക്ക് എന്നും അഭിമാനമാണ്. പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്ക്. അതിനൊപ്പം തന്നെ കേരളത്തിലെ വീടുകളിലെ പ്രഭാതങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത മുരള്യ ഡയറി ബ്രാന്‍ഡിന്റെ സ്ഥാപകന്‍ കൂടിയാണ് ശ്രീ മുരളീധരന്‍. എസ്.എഫ്.സി ഗ്രൂപ്പിന്റെ പ്രമുഖ ഫുഡ് ബ്രാന്‍ഡുകളായ ഇന്ത്യ പാലസ്, എസ്.എഫ്.സി പ്ലസ്, പിസ്സ പാന്‍, സ്ഥാന്‍ തുടങ്ങിയവ പ്രശസ്തമായ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
വ്യത്യസ്ഥ ബിസിനസ് സാമ്രാജ്യത്തിനൊപ്പം സമൂഹത്തിലെ അര്‍ഹര്‍ക്കും ആലംബഹീനര്‍ക്കും കരുതലിന്റെ കൈത്താങ്ങാവുകയാണ് അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പഠനത്തിനും ജോലി കണ്ടെത്താനും സഹായിക്കുന്ന നിരവധി പദ്ധതികളാണ് അദ്ദേഹം ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സാമൂഹിക സേവന പാരമ്പര്യമാണ് കേശവന്‍ മുരളീധരനെ വ്യത്യസ്തനാക്കുന്നത്. മുരള്യ ഫൗണ്ടേഷന്‍, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍, വിദ്യ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയിലൂടെ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹ്യക്ഷേമം എന്നീ മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. അനാഥര്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍, തെരുവുകുട്ടികള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി അഭയവും ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. ബിസിനസും മാനവികതയും കൈകോര്‍ക്കുന്ന ഈ യാത്രയില്‍ ഇന്ത്യയിലും യുഎഇയിലുമായി സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശക്തമായ മാതൃകയായി മാറിയിരിക്കുന്നത് പരിഗണിച്ചാണ് കേശവന്‍ മുരളീധരനെ ഈ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്