കെ ആര്‍ നാരായണന് അര്‍ഹമായ ആദരവ് നല്‍കാന്‍ ജന്മനാട് മടിക്കുന്നു

Update: 2025-10-28 11:07 GMT

പാലാ: മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ മണ്‍മറഞ്ഞിട്ടു 20 വര്‍ഷമായെങ്കിലും അര്‍ഹമായ ആദരവ് നല്‍കാന്‍ ജന്മനാട് ഇപ്പോഴും മടിക്കുകയാണെന്ന് കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് പറഞ്ഞു. കെ ആര്‍ നാരായണന്റെ നൂറ്റിയഞ്ചാമത് ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ചു കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തലമുറകളെ പ്രചോദിപ്പിക്കുന്ന മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തത് കടുത്ത അനാദരവാണ്. കെ ആര്‍ നാരായണന്റെ ജീവിതം സമാനതകളില്ലാത്തതാണ്. തലമുറകളെ പ്രചോദിപ്പിക്കാനും അവര്‍ക്കു വഴികാട്ടിയാവാനും കെ ആര്‍ നാരായണന്റെ ജീവചരിത്ര പഠനത്തിലൂടെ സാധിക്കുമെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി.

അഡ്വ സന്തോഷ് മണര്‍കാട്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍,അനൂപ് ചെറിയാന്‍, റോയി ജേക്കബ്, വിഷ്ണു കെ ആര്‍, അമല്‍ കെ ഷിബു എന്നിവര്‍ പ്രസംഗിച്ചു. കെ ആര്‍ നാരായണന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

Similar News