കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ 15 കാരിക്ക് പുതുജീവന്‍
പാലക്കാട്: കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ 15 കാരിക്ക് പുതുജീവന്‍. തമിഴ്‌നാട് തിരുച്ചിരാപ്പള്ളി സ്വദേശിനിയായ 15 കാരിക്കാണ് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയത്. കുടുംബത്തോടൊപ്പം എത്തിയ കുട്ടി നദിയില്‍ ഇറങ്ങുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ 6ന് ഉച്ചയ്ക്ക് 1.21 നാണ് ചാവടിയൂര്‍ പാലത്തിനു സമീപം പെണ്‍കുട്ടി നദിയില്‍ വീണതായി 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ അത്യാഹിത സന്ദേശം കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി.
എട്ട് മിനിറ്റ് കൊണ്ട് ആംബുലന്‍സ് പൈലറ്റ് ലിനേഷ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ജിന്റോ ജോസ് എന്നിവര്‍ സ്ഥലത്തെത്തി. ഇതിനോടകം കുട്ടിയെ വെള്ളത്തില്‍ നിന്ന് കരയ്ക്കെത്തിച്ചിരുന്നു. ബോധരഹിതമായ കുട്ടിയെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ജിന്റോ ജോസ് പരിശോധിച്ചതില്‍ പെണ്‍കുട്ടിക്ക് പള്‍സ് ലഭ്യമല്ല എന്ന് മനസിലാക്കി ഉടന്‍ ജീവന്‍ തിരിച്ചുപിടിക്കാന്‍ വേണ്ട പ്രഥമ ശുശ്രൂഷ ആരംഭിച്ചു. കുട്ടിയുടെ ബോധം തിരിച്ചു വന്ന് ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതോടെ ആംബുലന്‍സ് പൈലറ്റ് ലിനേഷ് കുട്ടിയുമായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലേക്ക് കുതിച്ചു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് കുട്ടിയെ പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായും മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നും ബന്ധുക്കള്‍ അറിയിച്ചു.