വാക്ക് പാലിച്ച് റോഷ്ണി തോംസണ്‍ കവീക്കുന്ന് സ്‌കൂളില്‍

Update: 2026-02-06 14:08 GMT

കവീക്കുന്ന്: അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് കുട്ടികള്‍ക്കുണ്ടായ അമ്പരിപ്പ് കൗതുകത്തിലേയ്ക്കും തുടര്‍ന്നു സൗഹൃദത്തിലേയ്ക്കും വഴിമാറി. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണാണ് കവീക്കുന്ന് സെന്റ് എഫ്രേംസ് യു പി സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. റോഷ്ണിയുടെ ഭര്‍ത്താവ് മുണ്ടത്താനത്ത് അഭിലാഷ് ജോസ് ബാല്യകാല വിദ്യാഭ്യാസം നടത്തിയത് കവീക്കുന്ന് സ്‌കൂളിലായിരുന്നു.

സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയില്‍ കവീക്കുന്ന് സ്‌കൂളിലെ കുട്ടികള്‍ റോഷ്ണി തോംസണുമായി നടത്തിയ അഭിമുഖം ഉള്‍പ്പെടുത്തിയിരുന്നു. അന്ന് കവീക്കുന്ന് സ്‌കൂളില്‍ ഒരിക്കല്‍ എത്തിച്ചേരുമെന്ന് കുട്ടികള്‍ക്കു വാക്കും നല്‍കിയിരുന്നു. ഈ വാക്ക് പാലിക്കാന്‍ കൂടിയായിരുന്നു റോഷ്ണിയുടെ സന്ദര്‍ശനം. ഇത് കുട്ടികള്‍ക്കു പ്രചോദനവും ആവേശവും പകര്‍ന്നു.

സ്‌കൂളിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റര്‍ സജി ജോസഫ് വിശദീകരിച്ചുകൊടുത്തു. സ്‌കൂളിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'കൈറ്റ്‌സ്' എന്ന എന്ന ഹൃസ്വസിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ അഭിലാഷും റോഷ്ണിയും ബാല്യകാല സ്മരണകള്‍ പങ്കുവച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്ന സ്‌കൂളിനെ റോഷ്ണി തോംസണ്‍ അനുമോദിച്ചു.

ഇവക്കൊപ്പം മക്കളായ ആമി, നോറ എന്നിവരും ഉണ്ടായിരുന്നു. റോഷ്ണി തോംസണിന്റെ അഭിമുഖം ഉള്‍പ്പെടുത്തിപ്പുറത്തിറക്കിയ ശതാബ്ദി സ്മാരക സ്മരണിക പൂര്‍വ്വ വിദ്യാര്‍ത്ഥിയും ചീഫ് എഡിറ്ററുമായ എബി ജെ ജോസ് സമ്മാനിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റര്‍ സജി ജോസഫ്, ശാലിനി ജോയി, ജോബിന്‍ ആര്‍ തയ്യില്‍, അജിമോള്‍ എസ്, അബി സിബി, ഐറിന ടോണി, ജെറോണ്‍ ജസ്റ്റിന്‍, ദിയാ സോണി, വിനായക് വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Similar News