തൊഴില്‍ സംരക്ഷണം ആവശ്യപ്പെട്ട് കേരള സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌റ്‌സ് അസോസിയേഷന്റെ നിയമസഭാ മാര്‍ച്ച് ഒക്ടോബര്‍ 8 ന്

Update: 2025-10-06 11:35 GMT

തിരുവനന്തപുരം, ഒക്ടോബര്‍ 6, 2025: സംസ്ഥാനത്തെ ഖര മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയയില്‍ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ സംഘടനയായ കേരളാ സ്‌ക്രാപ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( കെ എസ് എം എ), അംഗങ്ങളുടെയും, ഒപ്പം ഈ മേഖലയുടെയും നിലനില്‍പ്പിന് ആവശ്യമായ അവകാശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി 2025 ഒക്ടോബര്‍ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നിന്നും സംഘടിപ്പിക്കുന്ന തൊഴില്‍ സംരക്ഷണ റാലി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ് ഉദ്ഘാടനം ചെയ്യും. അവകാശ സംരക്ഷണ പോരാട്ട പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് നിര്‍വഹിക്കും. തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും മറ്റു 13 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരും ഉള്‍പ്പെടെ 10000 ത്തോളം പേര്‍ അവകാശ പത്രിക സമര്‍പ്പണത്തിനായി നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്യും.

കേരളത്തില്‍ മാലിന്യ നിര്‍മ്മാര്‍ജന പ്രക്രിയ ആരംഭിച്ച നാള്‍തൊട്ട് ഈ മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തി അത് ഉപജീവനമാക്കിയവരുടെ പിന്‍മുറക്കാരാണ് ഇന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെന്നും, കുലത്തൊഴിലെന്നോ, പരമ്പരാഗത വ്യവസായമെന്നോ വിളിക്കാവുന്ന തൊഴില്‍ മേഖലയാണ് തങ്ങളുടേതെന്നും കെ എസ് എം എ ഭാരവാഹികള്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.

ഖര മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയയില്‍ മുഖ്യ പങ്കാളിത്തം വഹിക്കുന്നവരുടെ തൊഴില്‍ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. സ്‌ക്രാപ്പ് ശേഖരിക്കുന്നവര്‍ മുതല്‍ കമ്പനികള്‍ നടത്തുന്നവര്‍ വരെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഏകദേശം മൂന്നു ലക്ഷത്തോളം പേരാണ് നിത്യ ജീവിതത്തിന് വേണ്ടി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ക്ക് കോടിക്കണക്കിനു രുപ നികുതിയിനത്തില്‍ നല്‍കുന്ന ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ അവകാശങ്ങളെ അവഗണിക്കുന്ന രീതിയില്‍ ഹരിത കര്‍മ സേനയും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ മേഖലയിലേക്കു നടത്തുന്ന കടന്നു കയറ്റം അവസാനിപ്പിക്കണമെന്നും, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രയാസങ്ങള്‍ മുഖവിലക്കെടുത്ത് കൊണ്ട് നാടിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയ നടപ്പിലാക്കണമെന്നും കെ എസ് എം എ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ്, സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഒറ്റത്തവണ നികുതി എന്ന ജി എസ് ടിയുടെ അടിസ്ഥാന തത്വം നിലനിര്‍ത്താന്‍ പാഴ് വസ്തുക്കളെ നികുതിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുക.; പരമ്പരാഗതമായി സ്വയം തൊഴില്‍ കണ്ടെത്തി നാളിതുവരെ സര്‍ക്കാരില്‍ നിന്നും ഒരു ആനുകൂല്യവും കൈപ്പറ്റാതെ വ്യാവസായികാടിസ്ഥാനത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തുന്നവരുടെ പ്രവര്‍ത്തനത്തെ തടയും വിധമുള്ള നിയമ നിര്‍മ്മാണത്തില്‍ നിന്നും അവരെയും സംരക്ഷിക്കും വിധമുള്ള കാര്യങ്ങള്‍ നടപ്പില്‍ വരുത്തുക; അസംഘടിത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, സ്വയം തൊഴില്‍ കണ്ടെത്തി ജീവിക്കുന്ന പാഴ് വസ്തു വ്യാപാരികളുടെ തൊഴില്‍ നഷ്ടപ്പെടും വിധം പുന:ചംക്രമണ യോഗ്യമായ വസ്തുക്കള്‍ ഹരിതകര്‍മ്മസേനക്ക് മാത്രം നല്‍കണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിര്‍ദ്ദേശം പിന്‍വലിക്കുക; തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തൊഴില്‍ സംരക്ഷണ പത്രിക കെ എസ് എം എ സര്‍ക്കാരിന് കൈമാറും.

കൂടാതെ, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലേക്ക് ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താനാവശ്യമായ നടപടി സ്വീകരിക്കുക; ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും സ്ഥാപനത്തിന്റെ വിസ്തൃതിക്കനുസൃതമായി അനുവാദം നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കുക; താല്‍ക്കാലിക ഷെഡ്ഡുകളെ സര്‍ക്കാര്‍ അനുവാദമുള്ള എം സി എഫ് കേന്ദ്രങ്ങളോ എം ആര്‍ എഫ് കേന്ദ്രങ്ങളോ ആയി അംഗീകരിക്കുക; സ്‌ക്രാപ്പ് കടകളില്‍ പൊതുജനം ഉപേക്ഷിക്കപ്പെടുന്ന റീസൈക്ലിങ്ങിന് യോഗ്യമല്ലാത്ത മാലിന്യങ്ങളെ പൊതു മാലിന്യമായിക്കണ്ട് നീക്കം ചെയ്യാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുക; കേരളത്തിലെ കെട്ടിട നിര്‍മാണ ചട്ടമനുസരിച്ചു 1000മീറ്റര്‍ സ്‌ക്വയറോ അതില്‍ കൂടുതലോ വിസ്തൃതി ഉള്ള കെട്ടിടങ്ങള്‍ക്ക് ആവശ്യമായ ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ പാഴ് വസ്തു വ്യാപാരികളുടെ 100മീറ്റര്‍ സ്‌ക്വയറില്‍ താഴെ വരുന്ന കെട്ടിടങ്ങള്‍ക്കും ഒരുക്കണമെന്ന് ആവശ്യപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശം പിന്‍വലിക്കുക; തുടങ്ങി നിരവധി ആവശ്യങ്ങളും തൊഴില്‍ സംരക്ഷണ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെ എസ് എം എ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ആസിഫ്, സംസ്ഥാന സെക്രട്ടറി കെ പി എ ഷെരീഫ് എന്നിവരെകൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം സി ബാവ, മുരുകന്‍ തേവര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നിസാര്‍ തലശ്ശേരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Similar News