മൂന്നര പതിറ്റാണ്ട് മുമ്പ് ശിഷ്യന് അധ്യാപിക അയച്ച കത്ത് ഇനി വായന ലോകത്തിന് സ്വന്തം

Update: 2025-07-25 10:58 GMT

പാലാ: മൂന്നരപതിറ്റാണ്ടു മുന്‍പ് നാലാം ക്ലാസുകാരനായിരുന്ന ശിഷ്യന് അധ്യാപിക അന്ന് അയച്ച മറുപടി കത്ത് ഇനി വായന ലോകത്തിന് സ്വന്തം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്‍ രചിച്ച 'വേരുകള്‍ ചിരിക്കാറുണ്ട്' എന്ന അനുഭവക്കുറിപ്പിലാണ് പാലാ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയായിരുന്ന സിസ്റ്റര്‍ ജൂഡിത്ത് മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് അയച്ച കത്ത് ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. സംഗീത് അടുത്തിടെ രചിച്ച അനുഭവക്കുറിപ്പിന്റെ ഒന്നാം അധ്യായത്തിന്റെ പേര് 'ഹൃദയം തുന്നിയ കത്ത് 'എന്നാണ്. പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്ത കത്ത് സംഗീതിന്റെ ജീവിത യാത്രയുടെ കരുത്തായിരുന്നു.

തൊണ്ണൂറുകളിലെ ഒരു ക്രിസ്തുമസ് കാലത്താണ് സംഗീതിന്റെ വിലാസത്തില്‍ സിസ്റ്റര്‍ ജൂഡിത്തിന്റെ മറുപടി കത്ത് വന്നത്. 35 വര്‍ഷം സൂക്ഷിച്ചു വച്ച ഈ കത്തില്‍ നിന്നാണ് പുതിയ പുസ്തകത്തിലെ ഒന്നാം അധ്യായം ആരംഭിക്കുന്നത്. പാലക്കാട് പഴമ്പാലക്കോട് സ്‌കൂളിലെ മലയാളം അധ്യാപകനായ സംഗീത് തിരുവില്വാമലയിലാണ് താമസിക്കുന്നത്. കര്‍ക്കിടക വാവു ദിവസമായ ഇന്നലെ തിരുവില്വാമലയില്‍ നിന്നും പാലാ പുലിയന്നൂരില്‍ സെറാഫിക് കോണ്‍വെന്റില്‍ വിശ്രമജീവിതം നയിക്കുന്ന സിസ്റ്ററിന് സംഗീത് ബുക്ക് നേരിട്ടു കൈമാറി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തന്റെ കത്ത് സൂക്ഷിച്ചു വച്ച് അത് അനുഭവക്കുറിപ്പില്‍ ചേര്‍ത്തതില്‍ അത്യധികം സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ജൂഡിത്ത് പറഞ്ഞു. ഡോ. സംഗീത് രവീന്ദ്രന്റെ ഒമ്പതാമത്തെ പുസ്തകമാണ് 'വേരുകള്‍ ചിരിക്കാറുണ്ട്''

Similar News