കാഴ്ചപരിമിതിയുള്ള വനിതകളുടെ ദേശീയ ടി20 ക്രിക്കറ്റ്: മദ്ധ്യപ്രദേശിന് കിരീടം
കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കര്‍ണാടകയെ കീഴടക്കി മദ്ധ്യപ്രദേശ് കിരീടം സ്വന്തമാക്കി. തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ നടന്ന അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ കര്‍ണാടകയെ 4 റണ്‍സിന് പരാജയപെടുത്തിയാണ് മദ്ധ്യപ്രദേശ് ചാമ്പ്യന്മാരായത്. ടോസ് നേടിയ കര്‍ണാടക മദ്ധ്യപ്രദേശിനെ ആദ്യം ബാറ്റിങിനയച്ചു.
നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മദ്ധ്യപ്രദേശ് 154 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കര്‍ണാടകയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. മദ്ധ്യപ്രദേശിനായി 45 റണ്‍സ് നേടി ടോപ് സ്‌കോററാവുകയും ഒരു വിക്കറ്റ് സ്വന്തമാക്കി മികച്ച ബൗളിംഗ് പ്രകടനവും നടത്തിയ സുനിത സ്രാത്തെയാണ് പ്ലയെര്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സും വിക്കറ്റും സ്വന്തമാക്കിയ സുനിത സ്രാത്തെ തന്നെയാണ് പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റും.
ഒരാഴ്ചയായി കൊച്ചിയില്‍ വിവിധ വേദികളിലായി നടന്ന ദേശിയ ടൂര്‍ണമെന്റില്‍ 19 ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള പുരസ്‌കാര ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യാതിഥിയായി. ലോക ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗസിലിന്റെ (ഡബ്‌ള്യു.ബി.സി.സി) സെക്രട്ടറി ജനറല്‍ രജനീഷ് ഹെന്റി, ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയ പ്രസിഡണ്ട് ബുസ ഗൗഡ, ഡോ. ബിന്ദു ശിവശങ്കരന്‍ നായര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സിഎസ്ആര്‍ പ്രോഗ്രാം ലീഡ് ഋതുരാജ് ടെല്‍കര്‍, സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡിന്റെ സിഎഫ്ഓ അഞ്ജനപ്പ മുത്തപ്പ എന്നിവര്‍ പങ്കെടുത്തു.