വിദ്യാര്‍ത്ഥികളില്‍ സാമ്പത്തിക സാക്ഷരതയുടെ അവബോധമുണര്‍ത്തി മുതുകാടിന്റെ മാജിക്

Update: 2025-02-18 15:04 GMT
വിദ്യാര്‍ത്ഥികളില്‍ സാമ്പത്തിക സാക്ഷരതയുടെ അവബോധമുണര്‍ത്തി മുതുകാടിന്റെ മാജിക്
  • whatsapp icon

തിരുവനന്തപുരം: ഒരൊറ്റ ക്ലിക്കില്‍ സമ്പാദ്യമെല്ലാം അപ്രത്യക്ഷമാകുന്ന ഡിജിറ്റല്‍ കണ്‍കെട്ടില്‍ അകപ്പെടാതിരിക്കാന്‍ മുതുകാടിന്റെ ബോധവത്കരണ ഇന്ദ്രജാല പരിപാടി വിദ്യാര്‍ത്ഥികളില്‍ അറിവും ആവേശവുമുണര്‍ത്തി. സാമ്പത്തിക ഇടപാടുകള്‍ വളരെ സുരക്ഷിതത്വത്തോടെ നിര്‍വഹിക്കേണ്ടതെങ്ങനെയെന്നും തട്ടിപ്പുകളെ തിരിച്ചറിയാനും അവയെ എങ്ങനെ പ്രതിരോധിക്കണമെന്നും മുതുകാട് ട്രിക്സ് ആന്റ് ട്രൂത്ത് എന്ന ഇന്ദ്രജാല പരിപാടിയിലൂടെ അവതരിപ്പിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കൗതുകമായി.

യുവജനങ്ങളില്‍ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഇന്നലെ (ചൊവ്വ) വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സോദ്ദേശ ജാലവിദ്യ അരങ്ങേറിയത്. കോട്ടണ്‍ഹില്‍, കാര്‍മല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലായിരുന്നു പ്രകടനം. ആര്‍.ബി.ഐയുടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്റ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി അരങ്ങേറിയത്.

പരിപാടി ആര്‍.ബി.ഐ റീജിയണല്‍ ഡയറക്ടര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സാക്ഷരതയില്‍ കേരളം മുന്നിലാണെങ്കിലും സാമ്പത്തിക സാക്ഷരതയെക്കുറിച്ച് യുവതലമുറ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ടെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. സമ്പാദ്യം ബുദ്ധിപരമായും ക്രിയാത്മകമായും വിനിയോഗിക്കാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടത് ആര്‍.ബി.ഐയുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മുതുകാടിനെ മെമെന്റോ നല്‍കി ആദരിച്ചു. ആര്‍.ബി.ഐ ഓംബുഡ്സ്മാന്‍ ആര്‍.കമലാകണ്ണന്‍, എസ്.എല്‍.ബി.സി കണ്‍വീനര്‍ പ്രദീപ് കെ.എസ്, മുന്‍ ഫൊക്കാനാ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍, ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എഫ്.ഐ.ഡി.ഡി ഡി.ജി.എം കെ.ബി ശ്രീകുമാര്‍ സ്വാഗതവും എ.ജി.എം സാബിത്ത് സലിം നന്ദിയും പറഞ്ഞു.

Similar News