കെ ആര്‍ നാരായണന്റെ സ്മരണയില്‍ രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം

Update: 2025-10-25 11:23 GMT

പാലാ: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഇത്തവണത്തെ കേരള സന്ദര്‍ശനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ഓര്‍മ്മകള്‍. ഇത് കെ ആര്‍ നാരായണന് നല്‍കുന്ന ആദരവായി മാറുകയും ചെയ്തു.

തിരുവനന്തപുരത്ത് രാജ്ഭവന്‍ അങ്കണത്തില്‍ കെ ആര്‍ നാരായണന്റെ അര്‍ദ്ധകായ പ്രതിമ രാവിലെ ദ്രൗപദി മുര്‍മു അനാവരണം ചെയ്തു.

വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് കെ ആര്‍ നാരായണന്റെ പ്രതിമ രാജ്ഭവനില്‍ സ്ഥാപിതമായത്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുള്ള ഡോ. നാരായണന്റെ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് ചടങ്ങില്‍ പങ്കെടുത്ത രാംനാഥ് കോവിന്ദ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിലും കെ ആര്‍ നാരായണനെ ദ്രൗപദി മുര്‍മു അനുസ്മരിച്ചു. കെ ആര്‍ നാരായണന്‍ കോട്ടയത്തിന്റെ പുത്രനാണെന്ന് പറഞ്ഞ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു. കെ ആര്‍ നാരായണന്റെ ജീവിതയാത്ര നമ്മളെ പ്രചോദിപ്പിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

കെ ആര്‍ നാരായണന്‍ ചരിത്ര പുരുഷനാണെന്ന് രാജ്ഭവനില്‍ തന്നെ സന്ദര്‍ശിച്ച കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദ്രൗപദി മുര്‍മു പറഞ്ഞു. കെ ആര്‍ നാരായണന്റെ സ്മരണയ്ക്കായി തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കണമെന്നാവശ്യപ്പെട്ട് കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് സമര്‍പ്പിച്ച നിവേദനം ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഫൗണ്ടേഷന്‍ ഭാരവാഹികളായ എബി ജെ ജോസ്, ഡോ സിന്ധുമോള്‍ ജേക്കബ്, ആര്‍ അജിരാജകുമാര്‍, അഡ്വ ജെ ആര്‍ പത്മകുമാര്‍ എന്നിവരാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്.

Similar News