അന്താരാഷ്ട്ര മീലാദ് സമ്മേളനം; വിളംബര ദിനം ഇന്ന്; പ്രചാരണങ്ങള്‍ പുരോഗമിക്കുന്നു

Update: 2024-09-20 10:48 GMT

കോഴിക്കോട്: വരുന്ന ബുധനാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ വിളംബര ദിനമായി ഇന്ന് ആചരിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. സമ്മേളന പോസ്റ്ററുകളും ഫ്‌ലക്സുകളും കവലകളിലും യൂണിറ്റുകളുടെ വിവിധ ഭാഗങ്ങളിലും സ്ഥാപിക്കാനും മസ്ജിദുകളും മദ്‌റസകളും കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും അഭ്യര്‍ഥിച്ചു. ജുമുഅക്ക് ശേഷം പള്ളികളില്‍ സന്ദേശ പ്രഭാഷണങ്ങള്‍ നടത്തിയും വിളംബര റാലി സംഘടിപ്പിച്ചും കൂടുതല്‍ ജനങ്ങളിലേക്ക് മീലാദ് സമ്മേളനത്തിന്റെ സന്ദേശം കൈമാറണമെന്ന് സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ മജീദ് കക്കാട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍ ആഹ്വാനം ചെയ്തു.

പ്രചാരണങ്ങള്‍ പുരോഗമിക്കുന്നു.

കോഴിക്കോട്: സെപറ്റംബര്‍ 25 ബുധനാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികള്‍ അന്തിമഘട്ടത്തോടടുക്കുന്നു. നഗരങ്ങളും കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകള്‍ മുഖേനയുമാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നത്. യൂണിറ്റുകളില്‍ വിളംബര റാലിയും സന്ദേശ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സമ്മേളനത്തിനെത്തുന്ന അന്താരാഷ്ട്ര പ്രകീര്‍ത്തന സംഘങ്ങളുടെ മുന്‍ അവതരണങ്ങളും സുല്‍ത്വാനുല്‍ ഉലമയുടേതടക്കം പണ്ഡിതരുടെ പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയ പ്രചാരവും നടക്കുന്നുണ്ട്.

സമ്മേളനത്തിന് മുന്നോടിയായി വിവിധ രാജ്യങ്ങളില്‍ സുന്നി നേതാക്കളുടെ സാന്നിധ്യത്തില്‍ സ്‌നേഹസംഗമങ്ങള്‍ നടക്കും. മര്‍കസ് ഗ്ലോബല്‍ കൗണ്‍സിലിന്റെ സൗദി അറേബ്യ, ഖത്വര്‍, കുവൈത്ത്, യു എ ഇ, മലേഷ്യ, ബഹ്റൈന്‍ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിലും വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് ക്യാമ്പസുകളും ഓഫീസുകളും കേന്ദ്രീകരിച്ചും സമ്മേളന വിളംബര പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മേളനത്തെ വരവേറ്റ് പ്രചാരണ കമാനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. നഗരത്തിലെ പ്രാസ്ഥാനിക ചലനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മഹത്തുക്കളെയും വ്യക്തികളെയും അനുസ്മരിച്ചാണ് 25 ഇടങ്ങളില്‍ കമാനങ്ങള്‍ സ്ഥാപിച്ചത്. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം കോഴിക്കോട് ജില്ലാ കമ്മിറ്റികളാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ജി അബൂബക്കര്‍, സലീം ആണ്ടോണ, എ കെ സി മുഹമ്മദ് ഫൈസി, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, റാഫി അഹ്സനി കാന്തപുരം, യൂസുഫ് സഖാഫി കരുവന്‍പൊയില്‍, ബി പി സിദ്ദീഖ് ഹാജി കോവൂര്‍, നാസര്‍ സഖാഫി അമ്പലക്കണ്ടി, എ സി റഹീം മൂഴിക്കല്‍, എ പി അശ്റഫ്, ഉമ്മര്‍ കല്ലില്‍, ഖയ്യൂം ഹാജി, അബ്ദുറഹ്മാന്‍ സഖാഫി, ജഅഫര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Tags:    

Similar News