ലയാലീ റമളാന്‍: മര്‍കസ് റമളാന്‍ ക്യാമ്പയിന് തുടക്കം; ധാര്‍മിക ജീവിതത്തിന്റെ നിലനില്‍പിനായി പ്രത്യേക പദ്ധതികള്‍
കോഴിക്കോട്: വിശുദ്ധ റമളാനിലെ പവിത്രമായ ദിനങ്ങളുടെ പ്രാധാന്യവും പുണ്യവും പൊതുജനങ്ങളിലെത്തിക്കാനും ആത്മീയ, ധാര്‍മിക ജീവിതത്തിലൂടെ സാമൂഹത്തിന്റെ സമാധാന അന്തരീക്ഷം വീണ്ടെടുക്കാനും മര്‍കസ് സംഘടിപ്പിക്കുന്ന 'ലയാലീ റമളാന്‍' ക്യാമ്പയിന്‍ ആരംഭിച്ചു. അനുദിനം വര്‍ധിക്കുന്ന കൊലപാതകങ്ങള്‍ക്കും ലഹരി ഉപയോഗങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കും കാരണം ആത്മീയ മൂല്യങ്ങളുടെയും ധാര്‍മിക ബോധത്തിന്റെയും അഭാവമാണ് എന്ന യാഥാര്‍ഥ്യം വിളംബരം ചെയ്യാനും ആത്മീയ ജീവിതത്തിന്റെ സാമൂഹിക പ്രസക്തി ബോധ്യപ്പെടുത്താനുമാണ് ഈ റമളാനിലൂടെ മര്‍കസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക പ്രഭാഷണങ്ങളും സൗഹൃദ സംഭാഷണങ്ങളും ഗൃഹ സന്ദര്‍ശനങ്ങളും ക്യാമ്പയിന്‍ കാലയളവില്‍ സംഘടിപ്പിക്കും.
പവിത്രമായ 25-ാം രാവില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനം ഉള്‍പ്പെടെ വ്യത്യസ്ത ആത്മീയ, സാമൂഹ്യക്ഷേമ, പഠന പദ്ധതികളോടെ വിപുലമായി നടത്തുന്ന ക്യാമ്പയിന്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. 30 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ മര്‍കസ് നടപ്പിലാക്കും. നഗരങ്ങളും ഗ്രാമങ്ങളും മസ്ജിദുകളും ആതുരാലയങ്ങളും പൊതുഗതാഗത കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് കമ്യൂണിറ്റി ഇഫ്താര്‍ സംഘടിപ്പിക്കും. ഭക്ഷ്യവിഭവങ്ങള്‍, വസ്ത്രങ്ങള്‍, പഠനോപാധികള്‍, നിത്യോപയോഗ വസ്തുക്കള്‍ ഇക്കാലയളവില്‍ സമ്മാനിക്കും. അഭയാര്‍ഥി ക്യാമ്പുകളും തെരുവുകളും അനാഥ-അഗതി സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് ക്യാമ്പസുകളും പൂര്‍വവിദ്യാര്‍ഥികളും പദ്ധതികള്‍ക്ക് നേതൃത്വം നല്‍കും. മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ യാത്രക്കാരുംപൊതുജനങ്ങളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്ക് ദിവസവും വിപുലമായ നോമ്പുതുറ സൗകര്യവുമുണ്ടായിരിക്കും.
റമളാന്‍ 25-ാം രാവില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുക്കും. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് വാര്‍ഷിക റമളാന്‍ പ്രഭാഷണം നടത്തും. മര്‍കസ് ഖുര്‍ആന്‍ അക്കാദമിയിലെ 9 ക്യാമ്പസുകളില്‍ നിന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകള്‍ ചടങ്ങില്‍ സനദ് സ്വീകരിക്കും. ഹലാവതുല്‍ ഖുര്‍ആന്‍, തജ്വീദുല്‍ ഖുര്‍ആന്‍, റൗളത്തുല്‍ ഇല്‍മ്, നൂറുല്‍ വാഖിഅ, മജ്‌ലിസുല്‍ ഇസ്തിഗ്ഫാര്‍, നൂറുല്‍ വിത്രിയ്യ തുടങ്ങി ദൈനംദിന പഠന പരിശീലന ക്ലാസുകളും തിദ്കാറു സ്വാലിഹീന്‍, വനിതാ പഠന വേദി, പ്രഭാഷണങ്ങള്‍, ബദ്ര്‍ സ്മൃതി, നസ്വീഹ തുടങ്ങി വൈജ്ഞാനിക സദസ്സുകളും ക്യാമ്പയിന്‍ കാലയളവില്‍ നടക്കും. റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളില്‍ ശാദുലി ഹള്‌റ, ഖുതുബിയ്യത് മജ്ലിസ്, ഖാദിരിയ്യ ഹല്‍ഖ, ഖത്മുല്‍ ബുര്‍ദ തുടങ്ങി ആത്മീയ സദസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം കേരളത്തിലെ പ്രമുഖരുടെ മതപ്രഭാഷണം മസ്ജിദുല്‍ ഹാമിലിയില്‍ നടക്കും. സകാത്ത്, നോമ്പുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര വിഷയങ്ങള്‍, ഈദ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രത്യേക ബോധവത്കരണ ക്ലാസുകളുമുണ്ടാകും. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും പാരായണ രീതിശാസ്ത്രമനുസരിച്ചുള്ള പരിശീലനത്തിനുമായി പ്രത്യേക കോഴ്സുകളും തയ്യാര്‍ ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ നിപുണനായ ഖാരിഉകളും ഹാഫിളുകളുമായിരിക്കും റമളാനിലെ പ്രത്യേക നിസ്‌കാരങ്ങള്‍ക്ക് മസ്ജിദുല്‍ ഹാമിലിയില്‍ നേതൃത്വം നല്‍കുക. സാമൂഹിക സ്വസ്ഥതക്ക് പ്രാധാന്യം നല്‍കിയും വിശ്വാസികളുടെ ആത്മീയ ജീവിതത്തെ ചിട്ടപ്പെടുത്തിയും പ്രയാസമനുഭവിക്കുന്ന ജനതയെ ചേര്‍ത്തുപിടിച്ചുമാണ് ഇത്തവണത്തെ മര്‍കസ് റമളാന്‍ ക്യാമ്പയിന്‍ പുരോഗമിക്കുക. ക്യാമ്പയിനിലും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും പങ്കുചേരുന്നതിന്: 9072500406.