മര്‍കസ് ഖുര്‍ആന്‍ സമ്മേളനത്തിന് തുടക്കം; ആത്മീയ സദസ്സുകള്‍ പുലര്‍ച്ചെ ഒരുമണി വരെ നീളും

Update: 2025-03-26 10:45 GMT

കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ പ്രമേയമായി സംഘടിപ്പിക്കപെടുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ആത്മീയ സദസ്സായ മര്‍കസ് ഖുര്‍ആന്‍ സമ്മേളനത്തിന് തുടക്കം. അസര്‍ നിസ്‌കാരാനന്തരം കാമില്‍ ഇജ്തിമയില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഖുര്‍ആന്‍ വിളംബരം ചെയ്യുന്ന ജീവിതക്രമം അനുസരിച്ച് ജീവിക്കാന്‍ ബാധ്യതയുള്ളവരാണ് വിശ്വാസികള്‍ എന്നും സ്വസ്ഥമായ സാമൂഹിക ക്രമവും പരലോക വിജയവും സാധ്യമാവാന്‍ ഖുര്‍ആന്‍ പാഠങ്ങള്‍ മുറുകെ പിടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ശേഷം നടന്ന ഹിഫ്‌ള് വിദ്യാര്‍ഥികളുടെ ദസ്തര്‍ ബന്ദി ചടങ്ങിന് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നല്‍കി. അബൂബക്കര്‍ സഖാഫി പന്നൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, വി എം റശീദ് സഖാഫി, ഉനൈസ് മുഹമ്മദ് സംബന്ധിച്ചു.

മസ്ജിദുല്‍ ഹാമിലിയില്‍ നടന്ന വിര്‍ദു ലത്വീഫ് സദസ്സിന് സയ്യിദ് അബ്ദു സ്വബൂര്‍ ബാഹസന്‍ അവേലംവും മരണപ്പെട്ടവരുടെ പേരില്‍ നടന്ന യാസീന്‍ ദുആക്ക് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലിയും നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഖാരിഅ അബ്ദുറഊഫ് സഖാഫി, ബശീര്‍ സഖാഫി എ ആര്‍ നഗര്‍ സംബന്ധിച്ചു.

ഇഫ്ത്വാറിന് ശേഷം പതിവ് ആരാധനകളെ കൂടാതെ അവ്വാബീന്‍-തസ്ബീഹ് നിസ്‌കാരം, ഹദ്ദാദ് റാത്തീബ്, ഖസീദതുല്‍ വിത്രിയ്യ പാരായണം എന്നിവ നടക്കും. വിവിധ പാരായണ ശൈലിയില്‍ പ്രമുഖ ഖാരിഉകളുടെ നേതൃത്വത്തിലുള്ള ഖുര്‍ആന്‍ ആസ്വാദന സദസ്സും സമ്മേളനത്തിന്റെ ഭാഗമാണ്. ജോര്‍ദ്ദാന്‍, താന്‍സാനിയ, ഇന്തോനേഷ്യ എന്നീ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികവ് തെളിയിച്ച ഹാഫിള് സൈനുല്‍ ആബിദ്, ഹാഫിള് ത്വാഹാ ഉവൈസ്, ഹാഫിസ ആഇശ ഇസ്സ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. എമിറേറ്റ്‌സ് ചാരിറ്റബിള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ഹിഫ്‌ള് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍, പെരളശ്ശേരി മര്‍കസ് ഹിഫ്‌ള് അക്കാദമിയില്‍ നിന്ന് 18 മാസം കൊണ്ട് ഹിഫ്‌ള് പൂര്‍ത്തിയാക്കിയ റാഹിദ് അലി ഓണപ്പറമ്പ്, മുഹമ്മദ് നസീഹ് മുജ്തബ തോഡാര്‍, 37 ദൗറ പൂര്‍ത്തിയാക്കിയ മപ്രം ബുഖാരിയ്യ ഹിഫ്‌ള് അക്കാദമിയിലെ ഹാഫിള് സാബിത് മഞ്ചേരി എന്നിവര്‍ക്ക് സമ്മേളനത്തിന്റെ ഉപഹാരം കൈമാറും.

രാത്രി പത്തിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ഹിഫ്‌ള് സനദ് ദാനവും പൊതുസമ്മേളനവും ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അധ്യക്ഷത വഹിക്കും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഖുര്‍ആന്‍ പ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ ബദ്രിയ്യത്ത് പാരായണത്തിന് നേതൃത്വം നല്‍കും. സനദ് ദാനത്തിനും സമാപന പ്രഭാഷണത്തിനും പ്രാര്‍ഥനക്കും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം വഹിക്കും. പ്രാസ്ഥാനിക നേതാക്കളും ജാമിഅ മര്‍കസ് മുദരിസുമാരും സംബന്ധിക്കുന്ന സമ്മേനത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആയിരങ്ങള്‍ പങ്കെടുക്കും. സമ്മേളനം തത്സമയം മര്‍കസ് ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ലഭിക്കും. https://www.youtube.com/markazonline

Similar News

റാപ്പിഡോ ബൈക്ക് ടാക്‌സി സര്‍വീസിനെതിരെ പ്രതിഷേധം ശക്തം തിരുവനന്തപുരം :റാപിഡോ കേരളത്തില്‍ ബൈക്ക് ടാക്‌സി സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ഓട്ടോ, ടാക്‌സി ഡ്രൈവര്‍ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിലുള്ള ഗതാഗത നിയമങ്ങള്‍ ലംഘിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ജീവിതോപാധിയെ ബാധിക്കുന്നതാണെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് മാത്രമുള്ള ബൈക്ക് ടാക്‌സി സര്‍വീസ് അവതരിപ്പിച്ചതിന് പിന്നാലെ, നാഷണല്‍ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം നഗരത്തിലെ റാപ്പിഡോ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സര്‍വീസ് ഉടന്‍ നിര്‍ത്തിവെക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. ഇത് തുടര്‍ന്നാല്‍ സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുമെന്ന് ഡ്രൈവര്‍ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ നിയമപ്രകാരം ബൈക്ക് ടാക്‌സി സര്‍വീസ് അനുവദനീയമല്ലെന്നും സ്വകാര്യ (വൈറ്റ് പ്ലേറ്റ്) ബൈക്കുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ''ഓട്ടോയും ടാക്‌സിയും കര്‍ശനമായ നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം സ്വകാര്യ ബൈക്കുകള്‍ക്ക് അതേ സൗകര്യം നല്‍കുന്നത് അന്യായമായ മത്സരം സൃഷ്ടിക്കുന്നു,'' യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. അതേസമയം, കേരള സ്റ്റേറ്റ് ഗിഗ് ആന്‍ഡ് പ്ലാറ്റഫോം വര്‍ക്കേഴ്‌സ് യൂണിയന്‍ഗതാഗത കമ്മീഷണറെ സമീപിച്ച് സ്വകാര്യ ബൈക്കുകള്‍ വാണിജ്യ യാത്രാസേവനങ്ങള്‍ക്ക് അനുവദിക്കില്ലെന്നുറപ്പ് തേടി. സംസ്ഥാനത്ത് ആപ്പ് അധിഷ്ഠിത ഗതാഗത സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും ചൂടേകിയിരിക്കുകയാണ്.