'കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷം നല്‍കേണ്ടത് നമ്മുടെ കടമ'; മന്ത്രി എം ബി രാജേഷ്

Update: 2025-05-10 14:02 GMT

പാലക്കാട്/ വടക്കഞ്ചേരി: ആധുനിക രീതിയിലുള്ള മികച്ച പഠനാന്തരീക്ഷം കുട്ടികള്‍ക്ക് ഒരുക്കി നല്‍കേണ്ടത് മുഴുവന്‍ സമൂഹത്തിന്റെയും കടമയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇസാഫ് ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയക്കാട് സി എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇസാഫ് ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടത്തിയിട്ടുള്ളത്. കുട്ടികളുടെ പഠനനിലവാരം മികച്ചതാക്കാന്‍ ഉദ്ദേശിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകൃതിക്ഷോഭം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ഉപകരിക്കുന്ന എയര്‍ ലിഫ്റ്റിംഗ് സൗകര്യം സ്‌കൂള്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ മന്ത്രി പ്രശംസിച്ചു. പി പി സുമോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

1941ല്‍ യശ്ശശരീരനായ ചാമി അയ്യരാണ് ആയക്കാട് സ്‌കൂളിന് തുടക്കമിട്ടത്. തുടര്‍ന്നിങ്ങോട്ട്, പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ ഉള്‍പ്പടെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സ്‌കൂളിന് സാധിച്ചു. 2018ല്‍ ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസിന്റെ ഭാഗമായ പ്രചോദന്‍ ഡെവലപ്‌മെന്റ് സര്‍വീസസ് സ്‌കൂളിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുകയും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പുതിയ അഡ്മിനിസ്‌ട്രേറ്റീവ്, അക്കാദമിക് കെട്ടിടം, വിശാലമായ ഓഡിറ്റോറിയം, കായിക പരിശീലനത്തിനായി ബാസ്‌ക്കറ്റ് ബോള്‍- ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ എന്നിവയാണ് ഇസാഫ് ഗ്രൂപ്പ് പൂര്‍ത്തീകരിച്ചത്. കൂടാതെ, കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കുന്നതിനുള്ള ഗൂഗിള്‍ വര്‍ക്ക് സ്‌പേസ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രൂപം നല്‍കിയ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയും ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ അഡോബി പാര്‍ട്ണര്‍ പ്രൊജക്റ്റിനും തുടക്കമായി. ഇതിലൂടെ അഡോബി എക്‌സ്പ്രസിന്റെ വിവിധ ഡിസൈന്‍ സോഫ്‌റ്റ്വെയറുകള്‍, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉള്ള ട്രെയിനിങ് ക്ലാസുകള്‍, ബൂട്ട് ക്യാമ്പുകള്‍, ക്രിയേറ്റിവിറ്റി ചലഞ്ചുകള്‍ എന്നിവ സംഘടിപ്പിക്കും.

ചടങ്ങില്‍ ഇസാഫ് ഗ്രൂപ്പ് സ്ഥാപകനും ഇസാഫ് ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോള്‍ തോമസ്, ഇസാഫ് ഗ്രൂപ്പ് സഹ സ്ഥാപകയും ആയക്കാട് സി എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ മെറീന പോള്‍, കെ ഡി പ്രസേനന്‍ എംഎല്‍എ, മുന്‍ മന്ത്രിമാരായ കെ ഇ ഇസ്മയില്‍, വി സി കബീര്‍, മുന്‍ എംഎല്‍എമാരായ സി ടി കൃഷ്ണന്‍, സി കെ രാജേന്ദ്രന്‍, പ്രചോദന്‍ ഡെവലപ്‌മെന്റസ് സര്‍വീസസ് ഡയറക്ടര്‍ എമി അച്ചാ പോള്‍, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത പോള്‍സണ്‍, മെമ്പര്‍മാരായ അഡ്വ. കെ. പി. ശ്രീകല, ഉഷ കുമാരി, ഗിരിജ, കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമതി കെ, പുതുക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ടീച്ചര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനൂപ് കെ, ഹെഡ് മിസ്ട്രസ് കെ. ജയവല്ലി, പിടിഎ പ്രസിഡന്റ് കെ. ഡി. ലെനിന്‍, കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പാലക്കാട് ജില്ലാ സെക്രട്ടറി ടി. ഓ. ഭാസ്‌ക്കര്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ ഇന്ത്യന്‍ ഹെഡ് ഫിലിപ്പ് തോമസ്, ഇസാഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് സാമുവേല്‍, ഇസാഫ് അഗ്രോ കോ ഓപ്പറേറ്റീവ് ചെയര്‍പേഴ്‌സണ്‍ സെലീന ജോര്‍ജ്, ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് കെ. ജോണ്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, സെഡാര്‍ റീട്ടെയില്‍ മാനേജിങ് ഡയറക്ടര്‍ അലോക് തോമസ് പോള്‍ എന്നിവര്‍ സംസാരിച്ചു.

Similar News