രാജ്യാന്തര സമുദ്ര ഗവേഷണ സിമ്പോസിയത്തില്‍ വ്യവസായ സംഗമം
കൊച്ചി: നവംബര്‍ നാല് മുതല്‍ ആറ് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടക്കുന്ന നാലാമത് രാജ്യാന്തര സമുദ്ര ആവാസവ്യവസ്ഥ സിമ്പോസിയത്തില്‍ (മീകോസ് 4) വ്യവസായ സംഗമം സംഘടിപ്പിക്കും.
ഫിഷറീസ്, മത്സ്യകൃഷി, സമുദ്രോല്‍പന്ന രംഗത്തെ പ്രധാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. സീഫുഡ് കയറ്റുമതി, മത്സ്യകൃഷി, ഹാച്ചറി, മത്സ്യതീറ്റ നിര്‍മാണം, അലങ്കാരമത്സ്യ വിപണനം തുടങ്ങിയ മേഖലകളിലെ പ്രതിനിധികള്‍ വ്യവസായ സംഗമത്തില്‍ പങ്കെടുക്കും. നവംബര്‍ അഞ്ചിന് രാവിലെ 10നാണ് സംഗമം.
സമുദ്രോല്‍പന്ന കയറ്റുമതി, സമുദ്രകൃഷി മേഖലകളെ ആശ്രയിക്കുന്ന കര്‍ഷകര്‍, വ്യാപാരികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. സമുദ്രോല്‍പന്ന മേഖലയുടെ വികസനം ലക്ഷ്യമിട്ട് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വികസനരൂപ രേഖ തയ്യാറാക്കും.
മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എംബിഎഐ), സിഎംഎഫ്ആര്‍ഐയുമായി സഹകരിച്ചാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന സമുദ്ര താപനില എന്നിവ സമുദ്ര ആവാസവ്യവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സിമ്പോസിയം ഊന്നല്‍ നല്‍കും.
മത്സ്യകൃഷി, ഹാച്ചറി ഉല്‍പാദനം, സംസ്‌കരണം, മൂല്യവര്‍ധിത ഉല്‍പാദനം, ഫീഡ് മാനേജ്മെന്റ് മേഖലകളിലെ പുത്തന്‍ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനവും സിമ്പോസിയത്തിന്റെ ഭാഗമായി നടക്കും.
വ്യവസായ സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 30ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കൂടുതലല്‍ വിവരങ്ങള്‍ക്ക് ഡോ ജോ കിഴക്കൂടന്‍- 9445153671.