സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ഷാജഹാന് പുതു ജീവിതം നല്‍കി എസ് പി മെഡിഫോര്‍ട്ട് ഹോസ്പിറ്റല്‍

Update: 2025-01-24 09:37 GMT

തിരുവനന്തപുരം: കുളിമുറിയില്‍ വീണ്, സ്യൂഡോ പാരാലിസിസ് അവസ്ഥയിലെത്തിയ കാട്ടാക്കട സ്വദേശി ഷാജഹാന് ഇഞ്ചക്കലിലെ എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ നടന്ന അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. ജന്മനാ പോളിയോ ബാധിതനായ ഷാജഹാന് മാസങ്ങള്‍ക്കു മുന്‍പ് സംഭവിച്ച വീഴ്ചയിലാണ് ഇടതു തോളിലെ പേശികള്‍ക്ക് സാരമായി പരിക്കേറ്റത്.

എസ് പി മെഡിഫോര്‍ട്ട് സീനിയര്‍ ഓര്‍ത്തോപെഡിക് സര്‍ജന്‍ ഡോ. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. സാമ്പത്തിക പരാധീനകള്‍ ഏറെ അലട്ടിയിരുന്ന ഷാജഹാന്റെ സാഹചര്യം മനസിലാക്കിയ ആശുപത്രിയുടെ ചാരിറ്റബിള്‍ വിഭാഗമായ എസ്പി ആദര്‍ശ് ഫൗണ്ടേഷന്‍ ശസ്ത്രക്രിയയുടെ ചെലവുകള്‍ പൂര്‍ണ്ണമായും ഏറ്റെടുത്തു.

വൈകല്യം മൂലം വലതുകൈ കാല്‍മുട്ടുകുളില്‍ ഊന്നിയായിരുന്നു ഷാജഹാന്‍ സഞ്ചരിച്ചിരുന്നത്. വീഡിയോ എഡിറ്റിംഗ് ജോലികളൊക്കെ ചെയ്ത് ഉപജീവനം നടത്തിയിരുന്ന ഷാജഹാന്റെ അതിജീവനത്തിനേറ്റ തിരിച്ചടിയായിരുന്നു അപ്രതീക്ഷിതമായി സംഭവിച്ച വീഴ്ച. ഇടതു തോളിനു പരിക്ക് പറ്റിയതോടെ, ചലനശേഷി പൂര്‍ണ്ണമായി ഇല്ലാതായ അവസ്ഥയിലാണ് എസ് പി മെഡിഫോര്‍ട്ടില്‍ എത്തുന്നത്. ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് സര്‍ജറിയാണ് ചെയ്തത്. ആരോഗ്യമുള്ള ഒരാളില്‍ ഇത്തരം ശസ്ത്രക്രിയ നടത്തുക വലിയ വെല്ലിവിളി ഉയര്‍ത്താറില്ല. എന്നാല്‍ ഷാജഹാന്റെ വൈകല്യം കണക്കിലെടുത്ത് നടത്തിയ ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. ''ശസ്ത്രക്രിയയ്ക്ക് കൂടുതല്‍ കൃത്യതയും പരിചരണവും ആവശ്യമായിരുന്നു. ഷാജഹാന്റെ ശാരീരിക അവസ്ഥകള്‍ ഒരു വെല്ലുവിളിയായിരുന്നു. ചെറിയ മാറ്റങ്ങള്‍ പോലും അദ്ദേഹത്തിന്റെ ഭാവിജീവിതത്തെ സാരമായി ബാധിക്കുമെന്നുള്ളത് കൊണ്ട് വളരെ ശ്രദ്ധയോടെയും ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയുമാണ് ശസ്ത്രക്രിയ നടത്തിയത്'-ഡോ. ഹരികുമാര്‍ പറഞ്ഞു.

അത്യാധുനിക ചികിത്സയുടെയും പരിചരണത്തിന്റെയും സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണിപ്പോള്‍ ഷാജഹാന്‍. ശസ്ത്രക്രിയക്ക് ശേഷം ഫിസിയോതെറാപ്പി ചികിത്സകൂടി കഴിഞ്ഞാല്‍ പഴയത് പോലെ സഞ്ചരിക്കാനും ജോലി ചെയ്യാനും കഴിയുമെന്നാണ് പ്രതീക്ഷ. ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും തളര്‍ന്നു പോകുന്ന വലിയ സമൂഹത്തിന് മുന്‍പില്‍, പ്രതിസന്ധികളോടും കഷ്ടതകളോടും പൊരുതി പുഞ്ചിരിതൂകികൊണ്ട് ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ ഒരുങ്ങുകയാണ് ഷാജഹാന്‍.

Similar News