സിവില്‍ സര്‍വീസ് സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി 'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടി; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസണ്‍
പാലാ: സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനവും ദിശാബോധവും പകര്‍ന്ന് പാലാ അല്‍ഫോന്‍സാ കോളജില്‍ സംഘടിപ്പിച്ച 'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടിയില്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണ്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അല്‍ഫോന്‍സാ കോളജ് വുമണ്‍സ് സെല്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ശബ്ദമായി മാറുന്നതിന്റെ പ്രാധാന്യം റോഷ്ണി തോംസണ്‍ ചൂണ്ടിക്കാണിച്ചു. വിദേശത്ത് ഇന്ത്യയുടെ ശബ്ദമാകാന്‍ കഴിയുക എന്നതാണ് ഏറ്റവും വലിയ അഭിമാനമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന് വേണ്ടിയാണ് സംസാരിക്കേണ്ടി വരുന്നത്. അന്താരാഷ്ട്രാ വേദികളില്‍ ഇന്ത്യ എന്ന ബോര്‍ഡിനു പിന്നിലിരുന്നു ജോലി ചെയ്യുന്നത് ആത്മാഭിമാനത്തോടെയാണ്. നമ്മുടെ വിദേശനയങ്ങളും നിലപാടുകളും ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കൃത്യമായി അവതരിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഓരോ ഫോറിന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും നിര്‍വഹിക്കുന്നതെന്ന് റോഷ്ണി പറഞ്ഞു.
ഫോറിന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനശൈലിയെക്കുറിച്ച് അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു നല്‍കി. സര്‍വ്വീസിലെ സാഹചര്യം, അവസരം എന്നിവയെപ്പറ്റിയും സംസാരിച്ചു. സാധാരണയായി ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഉദ്യോഗസ്ഥര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കും. ഇത് നിരന്തരമായ പഠനത്തിനും വൈവിധ്യമാര്‍ന്ന ആഗോള അനുഭവങ്ങള്‍ക്കും അവസരമൊരുക്കുന്നു. ഓരോ ദേശത്തെയും സംസ്‌കാരവും ഭരണരീതികളും അടുത്തറിഞ്ഞാല്‍ മാത്രമേ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ അവിടെ സംരക്ഷിക്കാനും മികച്ച ഉഭയകക്ഷി ബന്ധം സ്ഥാപിക്കാനും സാധിക്കൂ എന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ശബ്ദമാകാന്‍ യുവതലമുറ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോഴും ഇന്ത്യയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ഓരോ രാജ്യത്തെയും പ്രതിസന്ധികളിലും സമാധാന ചര്‍ച്ചകളിലും ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ സദാ സജ്ജരായിരിക്കണം. കൃത്യമായ കാഴ്ചപ്പാടും രാജ്യത്തോടുള്ള അര്‍പ്പണബോധവുമുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യുവതലമുറ ഈ രംഗത്തേക്ക് കൂടുതല്‍ കടന്നുവരണമെന്ന് റോഷ്ണി തോംസണ്‍ പറഞ്ഞു. കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കില്‍ സിവില്‍ സര്‍വീസ് എന്ന കടമ്പ ആര്‍ക്കും മറികടക്കാവുന്നതേയുള്ളൂവെന്ന് സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് അവര്‍ ഓര്‍മ്മിപ്പിച്ചു. നയതന്ത്ര രംഗത്തെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്നും ഈ മേഖലയിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളെപ്പറ്റിയും ചോദ്യങ്ങള്‍ക്കു മറുപടിയായി വിശദീകരിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നിര്‍ദ്ദേശങ്ങളും നല്‍കി.
2015 ബാച്ച് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയായ റോഷ്ണി സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, വത്തിക്കാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിയമിതയായിരുന്നു. 11 വര്‍ഷത്തെ സര്‍വ്വീസ് ജീവിതത്തിലെ രസകരമായും അഭിമാനം നിറഞ്ഞതും വെല്ലുവിളികള്‍ നിറഞ്ഞതുമായ അവസരങ്ങളെപ്പറ്റിയും റോഷ്ണി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.
അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ മിനിമോള്‍ മാത്യു അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് റോഷ്ണി തോംസണെ ഉപഹാരം നല്‍കി ആദരിച്ചു. പാലാ നഗരസഭാദ്ധ്യക്ഷ ദിയ ബിനു, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ്, അനൂപ് ചെറിയാന്‍, വുമണ്‍സ് സെല്‍ കോഓര്‍ഡിനേറ്റര്‍ സ്മിത ക്ലാരി ജോസഫ്, അലോന സോജന്‍, അലോന സോജന്‍, അലീന്‍ മരിയ ഷിബു, പൊന്നു കെ അല്‍ഫോന്‍സ് എന്നിവര്‍ പ്രസംഗിച്ചു. സിവില്‍ സര്‍വീസ് സര്‍വ്വീസ് വിദ്യാര്‍ത്ഥികളടക്കം 300 ല്‍ പരം വിദ്യാര്‍ത്ഥികള്‍ 'മീറ്റ് ദ ഡിപ്ലോമാറ്റ്' സംവാദ പരിപാടിയില്‍ പങ്കെടുത്തു.
