തലസ്ഥാന നഗരിയില്‍ ഖവാലി സൂഫി സംഗീതമൊരുക്കാന്‍ വാര്‍സി സഹോദരന്മാര്‍

Update: 2024-11-05 10:58 GMT

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ സൂഫി ഖവാലി സംഗീതമൊരുക്കാന്‍ രാംപൂര്‍ വാര്‍സി സഹോദരന്മാര്‍. നവംബര്‍ 4 മുതല്‍ 7 വരെ തിരുവനന്തപുരം സ്‌കൂള്‍ - കോളേജ് ക്യാമ്പസുകളില്‍ അരങ്ങേറുന്ന ഖവാലി സൂഫി സംഗീത സദസ്സ് പ്രശസ്ത വാര്‍സി സഹോദരങ്ങളായ മുഹമ്മദ് ഖാന്‍ വാര്‍സിയും,മുഹമ്മദ് അഹമ്മദ് ഖാന്‍ വാര്‍സിയും നയിക്കും. സൂഫി കാവ്യാലാപനത്തില്‍ പ്രഗത്ഭരായ വാരിസ് നവാസ്, അര്‍ഷദ്, ഇഖ്‌ലാസ് ഹുസൈന്‍, മുഹമ്മദ് നാഖ് വി, മുഹമ്മദ് ഫൈസ്, രഹത് ഹുസൈന്‍ എന്നിവരും വേദിയില്‍ അണിനിരക്കും.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭാരതീയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ സ്പിക്മാക്കെയുടെ (സൊസൈറ്റി ഫോര്‍ ദി പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമംഗ് യൂത്ത്) കേരള ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവന്തപുരം മുതല്‍ കൊച്ചി വരെയുള്ള ക്യാമ്പസുകളില്‍ പരിപാടി അവതരിപ്പിക്കും.

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഖവാലി സംഗീതത്തെ പരിചയപ്പെടുത്താനും, അത് മനസ്സിലാക്കി ആസ്വദിക്കാനുള്ള ഒരു വേദിയാണ് ഒരുക്കുന്നതെന്നു സ്പിക് മാക്കെ സംസ്ഥാന കോര്‍ഡിനേറ്റര്‍ വേലായുധകുറുപ്പ് പറഞ്ഞു.

Program Schedule

04.11.24 - തിങ്കളാഴ്ച - കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, വിളപ്പില്‍ശാല - ഉച്ചകഴിഞ്ഞ് 3:30

05.11.24 - ചൊവ്വാഴ്ച - ആര്യ സെന്‍ട്രല്‍ സ്‌കൂള്‍, പട്ടം - രാവിലെ 10:30

05.11.24 - ചൊവ്വാഴ്ച - NIIST- CSIR, പാപ്പനംകോട് - ഉച്ചകഴിഞ്ഞ് 3:30

05.11.24 - ചൊവ്വാഴ്ച - RGCB, പൂജപ്പുര - വൈകുന്നേരം 6:00

06.11.24 - ബുധനാഴ്ച - 2:00pm - സ്വാതി തിരുനാള്‍ ഗവ. സംഗീത കോളേജ്, തൈക്കാട്

06.11.24 - ബുധനാഴ്ച - വൈകുന്നേരം 6:00 - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് & ടെക്‌നോളജി, വലിയമല.

07.11.24 - വ്യാഴാഴ്ച - രാവിലെ 8:30 - കെ.വി,പാങ്ങോട്.

ഖവാലി സംഗീതത്തെക്കുറിച്ച്

സൂഫികളുടെ സവിശേഷ സംഗീതമാണ് ഖവാലി. ദൈവമഹത്വം, പ്രവാചകപ്രകീര്‍ത്തനം, ഗുരുമഹാത്മ്യം എന്നിവയുടെ പ്രാധാന്യം സംഗീതസ്വരങ്ങളിലൂടെ പകര്‍ന്നുനല്‍കുന്ന ഖവാലി, കേള്‍വിക്കാരെ ആത്മീയമായ ദൈവികതയുടെ ലോകത്തിലേക്ക് നയിക്കുന്നു. 800 വര്‍ഷം പഴക്കമുള്ള ഈ കലാരൂപം, ആത്മീയ സ്‌നേഹത്തിന്റെ ആഴവും ദൈവികതയുടെ അനുഭവവും നല്‍കുന്നു.

ഉര്‍ദു, ഹിന്ദി, പേര്‍ഷ്യന്‍, അറബിക്, ബ്രജ്, സിന്ധി, പഞ്ചാബി തുടങ്ങിയ ഭാഷകളിലാണ് ഖവാലി അവതരിക്കപ്പെടുന്നത്.

സ്പിക് മാക്കെ:

ഇന്ത്യന്‍ കലാരൂപങ്ങളേയും സംസ്‌കാരത്തെയും യുവതലമുറയിലേക്ക് എത്തിച്ചു അവരില്‍ ധാര്‍മ്മികബോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്പിക് മാക്കെ. പഠനത്തോടൊപ്പം കുട്ടികളെ കലയിലും പ്രാപ്തരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

Tags:    

Similar News