16-ാമത് പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിന്‍ ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം, മാര്‍ച്ച് 1, 2025: 'മേക്കിങ് ദ് ഇ.ഡി പീഡിയാട്രിക് റെഡി' എന്ന വിഷയത്തില്‍ കിംസ്‌ഹെല്‍ത്ത്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐഎപി) ട്രിവാന്‍ഡ്രം ചാപ്റ്റര്‍, ഐഎപി കേരള ചാപ്റ്റര്‍, ഐഎപി പിഇഎം ചാപ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമായി അന്‍പതോളം ആരോഗ്യവിദഗ്ദ്ധര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുകയും മുന്നൂറോളം ഡോക്ടറുമാര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുകയും ചെയ്തു.
കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. 'എമര്‍ജന്‍സി മെഡിസിന്‍ രംഗത്ത് ഇന്ത്യ കൈവരിച്ചിരിക്കുന്ന പുരോഗതി ഏറെ പ്രശംസനീയവും പ്രതീക്ഷാര്‍ഹവുമാണ്. രാജ്യത്തെ ആരോഗ്യ മേഖല അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള സേവനങ്ങള്‍ ഇന്ന് നമ്മുടെ രാജ്യത്ത് ലഭ്യമാണ്. പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിന്‍ വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടെ ഈ വികാസത്തിന്റെ ഗുണഭോക്താക്കളാകുന്നുവെന്ന് ഉറപ്പാക്കണം.' - ഡോ. എം.ഐ സഹദുള്ള പറഞ്ഞു
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക് എമര്‍ജന്‍സി മെഡിസിന്‍ 2024 ചാപ്റ്റര്‍ ദേശീയ പ്രസിഡന്റ് ഡോ. രാധിക രാമന്‍ മുഖ്യ പ്രഭാഷണം നല്‍കി. അനന്തപുരി ഹോസ്പിറ്റല്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ ഡോ. എ. മാര്‍ത്താണ്ഡ പിള്ള, ഐഎപി പിഇഎം ചാപ്റ്റര്‍ 2025 ദേശീയ പ്രസിഡന്റ് ഡോ. എ.കെ ഗോയല്‍, ഐഎപി കേരള സ്റ്റേറ്റ് പ്രസിഡന്റ് ഡോ. റിയാസ് ഐ, ഐഎ പി ട്രിവാന്‍ഡ്രം സെക്രട്ടറി ഡോ. ശ്രീജിത്ത് കുമാര്‍ സി, എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു. ഐഎപി പിഇഎം ചാപ്റ്റര്‍ 2024 ദേശീയ സെക്രട്ടറി ഡോ. ഭരത് ചൗധരി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത്, അനന്തപുരി ഹോസ്പിറ്റല്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എസ്.പി മെഡിഫോര്‍ട്ട് എന്നിവിടങ്ങളിലായി അഞ്ച് പ്രീ-കോണ്‍ഫറന്‍സ് വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിചിരുന്നു.
പീഡിയാട്രിക് എമര്‍ജന്‍സി കെയറില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള രോഗനിര്‍ണ്ണയം, ശിശുക്കളിലെ സിപിആര്‍ പരിശീലനം, ബയോമാര്‍ക്കറുകളുടെ ഉപയോഗം, സുരക്ഷിതമായ സെഡേഷനുകള്‍, വിഷബാധകള്‍, പീഡിയാട്രിക്സിലെ ഇക്കോ-എമാര്‍ജന്‍സികള്‍ എന്നിവയെ നേരിടുന്നത്, വിഭവ ദൗര്‍ലഭ്യമുള്ള സാഹചര്യങ്ങളില്‍ കുട്ടികളുടെ അടിയന്തര പരിചരണം, പോക്‌സോ കേസുകളും നിയമപരമായ വെല്ലുവിളികളും, കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ പ്രധാന ചര്‍ച്ചകളായി.
എന്‍.എ.പി.ഇ.എം ഓര്‍ഗനൈസിംഗ് ചെയര്‍പേഴ്‌സണും കിംസ്‌ഹെല്‍ത്തിലെപീഡിയാട്രിക് എമര്‍ജന്‍സി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. പ്രമീള ജോജി സ്വാഗതം ആശംസിച്ചു. പീഡിയാട്രിക്‌സ് വിഭാഗം കണ്‍സള്‍ട്ടന്റും എന്‍.എ.പി.ഇ.എം ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. നീതു ഗുപ്ത ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കിംസ്‌ഹെല്‍ത്ത് പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ടീവ്, ആന്‍ഡ് മൈക്രോവാസ്‌കുലാര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സഫിയ പി.എമ്മും ചടങ്ങിന്റെ ഭാഗമായി. രണ്ട് ദിവസങ്ങളിലായി കോവളം ഉദയ സമുദ്രയില്‍ നടക്കുന്ന കോണ്‍ക്ലേവ് നാളെ സമാപിക്കും.