പി. ഭാസ്‌ക്കരന്‍ ജന്മശതാബ്ദി പുരസ്‌ക്കാരം'' നടന്‍ മധുവിനും ജഗതി ശ്രീകുമാറിനും
തിരുവനന്തപുരം: കവിയും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ പി. ഭാസ്‌ക്കരന്റെ ജന്മശതാബ്ദി പ്രമാണിച്ച് കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ പി. ഭാസ്‌ക്കരന്‍ ജന്മശതാബ്ദി പുരസ്‌ക്കാരം നടനും സംവിധായകനുമായ മധുവിനും നടന്‍ ജഗതി ശ്രീകുമാറിനും സമ്മാനിക്കും.
മധു
തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ് മധു. എന്‍.എന്‍. പിഷാരടിയുടെ 'നിണമണിഞ്ഞ കാല്പാടുകള്‍' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് വന്നു. ചെമ്മീന്‍, ഭാര്‍ഗവീ നിലയം, സ്വയംവരം, ഓളവും തീരവും, മുറപ്പെണ്ണ്, തുലാഭാരം, അശ്വമേധം, തീക്കനല്‍, യുദ്ധകാണ്ഡം തുടങ്ങി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 400 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു. പ്രിയ, തീക്കനല്‍, സിന്ദൂരച്ചെപ്പ്, നീലക്കണ്ണുകള്‍ തുടങ്ങി 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പത്മശ്രീ പുരസ്‌ക്കാരം, ജെ.സി. ഡാനിയേല്‍ അവാര്‍ഡ് എന്നിവയും നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു.
ജഗതി ശ്രീകുമാര്‍
ശ്രീകുമാരന്‍തമ്പിയുടെ 'ചട്ടമ്പികല്യാണി' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ആയിരത്തി അഞ്ഞൂറിലധികം ചലച്ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിളക്കമാര്‍ന്ന വിജയം നേടി. യോദ്ധ, കിലുക്കം, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, മിഥുനം, തന്മാത്ര, കിരീടം, സി.ഐ.ഡി മൂസ്സ, സേതുരാമയ്യര്‍ സി.ബി.ഐ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഹാസ്യ നടനായും സ്വഭാവ നടനായും മികവ് കാട്ടി.
മെമന്റോയും പൊന്നാടയും കീര്‍ത്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരങ്ങള്‍, പുരസ്‌ക്കാര ജേതാക്കളുടെ സൗകര്യാര്‍ത്ഥം സമ്മാനിക്കുമെന്ന് കേരള കലാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അറിയിച്ചു.
ആര്‍. രജിതകുമാരി