ടെക്‌നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് കിരീടം ക്യുബര്‍സ്റ്റിന്; വനിതാ ടൂര്‍ണമെന്റില്‍ ഇന്‍ഫോസിസ് ജേതാക്കള്‍

Update: 2025-05-17 12:44 GMT

തിരുവനന്തപുരം: ഐ ടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റായ പ്രതിധ്വനിയുടെ ടെക്‌നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ (ടിപിഎല്‍) പുരുഷ വിഭാഗത്തില്‍ ക്യുബര്‍സ്റ്റ് (QBurst) ചാമ്പ്യന്മാരായി. വ്യാഴാഴ്ച നടന്ന ആവേശകരമായ ഫൈനലില്‍ എച്ച് ആന്റ് ആര്‍ ബ്ലോക്കിനെ (H & R Block) അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ക്യുബര്‍സ്റ്റ് ചാമ്പ്യന്മാരായത്. വനിതാ ടൂര്‍ണമെന്റില്‍ യു എസ് ടി 31 റണ്‍സിന് പരാജയപ്പെടുത്തി ഇന്‍ഫോസിസ് ജേതാക്കളായി.

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് ആറ് മാസം നീണ്ടുനിന്ന ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ടൂര്‍ണമെന്റിന്റെ സമാപന ചടങ്ങില്‍ കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം ആശ ശോഭന, മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു...ആയിരത്തിലധികം ടെക്കികളാണ് ഫൈനല്‍ മത്സരങ്ങള്‍ കാണുവാന്‍ ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ എത്തിയത്

പുരുഷവിഭാഗം ഫൈനലില്‍ ക്യുബര്‍സ്റ്റിലെ വിശാല്‍ വിശ്വനാഥനെ 'പ്ലെയര്‍ ഓഫ് ദി മാച്ചായി' തിരഞ്ഞെടുത്തു. പുരുഷ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍ അവാര്‍ഡ് അരുണ്‍ രാജിനും (എച്ച് ആന്റ് ആര്‍ ബ്ലോക്ക് - H&R Block) ടൂര്‍ണമെന്റിലെ മികച്ച ബൗളര്‍ക്കുള്ള അവാര്‍ഡ് യാഖൂബ്. പി (ക്വസ്റ്റ് ഗ്ലോബല്‍ - Quest Global) ക്കും ലഭിച്ചു. പുരുഷ ടൂര്‍ണമെന്റിലെ മികച്ച താരമായി അരുണ്‍ രാജ് (എച്ച് ആന്റ് ആര്‍ ബ്ലോക്ക് - H&R Block) തിരഞ്ഞെടുക്കപ്പെട്ടു.

ടെക്നോപാര്‍ക്ക് വനിതാ ക്രിക്കറ്റ് ലീഗ് (ടിഡബ്ല്യുസിഎല്‍) ഫൈനലിലെ 'പ്ലെയര്‍ ഓഫ് ദി മാച്ചായി' ദീപ യശോധരനെ (ഇന്‍ഫോസിസ് - Infosys) തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച ബാറ്ററും ടിഡബ്ല്യുസിഎല്ലിലെ മികച്ച താരവും ദീപ യശോധരനാണ്. വൃന്ദ വിനീതാണ് (എച്ച് ആന്റ് ആര്‍ ബ്ലോക്ക് - H&R Block) മികച്ച ബൗളര്‍.

മൂന്നു ഫേസ് കളായി നടത്തിയ മത്സരത്തില്‍ ഫേസ് 1 ചാമ്പ്യന്മാരായ ഐ ഡയനാമിക്സിനും ( iDynamics) ഫേസ് 2 ചാമ്പ്യന്മാരായ ഗൈഡ് ഹൌസീനും (Guide House) ചടങ്ങില്‍ ട്രോഫികള്‍ നല്‍കി.കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച ടിപിഎല്ലില്‍ 184 ഐ ടി കമ്പനികളില്‍ നിന്നും പുരുഷ വിഭാഗത്തില്‍ 164 ടീമുകളും വനിതാ വിഭാഗത്തില്‍ 20 ടീമുകളുമാണ് പങ്കെടുത്തത്.

പ്രതിധ്വനിയുടെ ടെക്‌നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രാജ്യത്തിന് മുഴുവന്‍ മാതൃകയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടെക്‌നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് പോലെയുള്ള പരിപാടികള്‍ യുവാക്കളെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് പുറത്തെത്തിച്ച് കായിക വിനോദങ്ങളിലും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റിനായി 20 വനിതാ ടീമുകളെ സംഘടിപ്പിക്കുക ശ്രമകരമാണെന്നും അതിനായി പരിശ്രമിച്ച പ്രതിധ്വനിയെ അഭിനന്ദിക്കുന്നെന്നും ആശ ശോഭന പറഞ്ഞു. ടെക്നോപാര്‍ക്കിലെ ഗ്രൗണ്ടും അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന നിലവാരമുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടിപിഎല്‍ പോലെയുള്ള ടൂര്‍ണമെന്റുകള്‍ ഐടി ജീവനക്കാരുടെ ജോലി സമ്മര്‍ദ്ദം ഒഴിവാക്കുകയും തൊഴിലിടത്ത് കൂടുതല്‍ സജീവമാകാന്‍ സഹായിക്കുകയും ചെയ്യുമെന്ന് സോണി ചെറുവത്തൂര്‍ പറഞ്ഞു.

ടെക്നോപാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിന്‍ & ഐആര്‍) അഭിലാഷ് ഡി.എസ്, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രന്‍, പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന്‍, സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ രജിത് വി .പി, ടൂര്‍ണമെന്റ് ജോയിന്റ് കണ്‍വീനര്‍ നിജിന്‍ സി, വനിതാ ലീഗ് കണ്‍വീനര്‍ ഗോപിക പ്രസാദ്, ടിപിഎല്‍ സ്പോണ്‍സര്‍മാരായ മുസാഫര്‍ അഹമ്മദ്, സഫര്‍ എ .എം , കിരണ്‍ എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News