ശ്രീചിത്രാ ഹോമിലെ അഞ്ചു മുതല്‍ ഏഴുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രൊജക്ട് കെയര്‍ പദ്ധതിയുമായി ക്വസ്റ്റ് ഗ്ലോബല്‍
തിരുവനന്തപുരം: ശ്രീചിത്രാ ഹോമിലെ അഞ്ചു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം, മാനസിക പിന്തുണ, ജീവിത നൈപുണ്യ പരിശീലനം എന്നിവ വര്‍ധിപ്പിക്കുന്നതിനായുള്ള സന്നദ്ധ സേവന സംരംഭമായ പ്രൊജക്ട് കെയര്‍ പദ്ധതിയുമായി ക്വസ്റ്റ് ഗ്ലോബല്‍. പദ്ധതിയുടെ ഉദ്ഘാടനം പഴവങ്ങാടി ശ്രീ ചിത ഹോമില്‍ നടന്നു. കനല്‍ ഇന്നോവേഷന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്, തിരുവന്തപുരം ജില്ലാ ഭരണകൂടം എന്നിവയുമായി സഹകരിച്ചാണ് ക്വസ്റ്റ് ഗ്ലോബല്‍ ഈ പദ്ധതി നടപ്പാക്കുന്നത്.
അഞ്ചു മുതല്‍ ഏഴു വരെ ക്ലാസിലുള്ള കുട്ടികള്‍ക്ക് സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ മേഖലയിലുള്ള അടിസ്ഥാന അറിവ് വര്‍ധിപ്പിക്കുക എന്നാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ടു വരെയാണ് പരിശീലന സെഷനുകള്‍. കൂടാതെ സമഗ്രമായ അക്കാദമിക് പിന്തുണ ഉറപ്പാക്കുന്നതിന് മെന്റര്‍ഷിപ്പ്, വാരാന്ത്യ ട്യൂട്ടറിംഗ്, സംവേദനാത്മക സെഷനുകള്‍, പതിവ് വിലയിരുത്തലുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തും. പ്രോജക്റ്റ് കെയറിന്റെ ലക്ഷ്യം സാധിക്കുന്നുണ്ടോ എന്നറിയാല്‍ അക്കാദമിക് പ്രകടനത്തിലും വ്യക്തിഗത വികസനത്തിലും കുട്ടികള്‍ക്ക് ഉണ്ടായിട്ടുള്ള മികവ് വിലയിരുത്തുന്നതിന് പ്രോഗ്രാമിന് മുമ്പും ശേഷവും വിലയിരുത്തലുകള്‍ നടത്തും.
തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടര്‍ സാക്ഷി മോഹന്‍, കനല്‍ ഇന്നൊവേഷന്‍സ് സ്ഥാപകനും ഡയറക്ടറുമായ അഡ്വ. ആന്‍സണ്‍ പി ഡി അലക്സാണ്ടര്‍, ക്വസ്റ്റ് ഗ്ലോബല്‍ തിരുവനന്തപുരം സെന്റര്‍ ഹെഡ് സഞ്ജു ഗോപാല്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.