കേന്ദ്രബജറ്റ്കര്‍ഷകരെ വഞ്ചിച്ചു:രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Update: 2025-02-04 12:44 GMT

കൊച്ചി: പ്രതിസന്ധികള്‍ നിരന്തരം തുടരുന്ന ഇന്ത്യയുടെ കാര്‍ഷികമേഖലയ്ക്ക് കടുത്ത നിരാശയേകി കര്‍ഷക വഞ്ചന ആവര്‍ത്തിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്.

രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ നടന്ന കേന്ദ്രബജറ്റ് അവലോകനത്തില്‍ ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയതു. നാഷണല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു വിഷയാവതരണം നടത്തി.

ഉദ്യോഗസ്ഥര്‍ക്കും ഉത്തരേന്ത്യന്‍ വന്‍കിട ലോബികള്‍ക്കും സംരക്ഷണമൊരുക്കുന്നതും തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ച് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതുമായ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ കര്‍ഷകവിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കാണിച്ചിരിക്കുന്ന കടുത്ത അവഗണന വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. 12.75 ലക്ഷം വാര്‍ഷിക വരുമാനമുള്ള ഉദ്യോഗസ്ഥന് സര്‍ക്കാര്‍ സംരക്ഷണവും 1 ലക്ഷം രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള ഗ്രാമീണ കര്‍ഷകന് കണ്ണീരുമാണ് ബജറ്റിലൂടെ നല്‍കിയിരിക്കുന്നത്. നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പല കര്‍ഷക പദ്ധതികളും മുന്‍കൊല്ലങ്ങളില്‍ പ്രഖ്യാപിച്ച് പരാജയപ്പെട്ടവയുടെ ആവര്‍ത്തനം മാത്രമാണ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിട്ടില്ല. കാര്‍ഷികോല്പന്നങ്ങള്‍ക്ക് അടിസ്ഥാന വിലകള്‍ പ്രഖ്യാപിച്ചിട്ടില്ല. രാസവളങ്ങളുടെ സബ്‌സിഡി കുറച്ചത് കര്‍ഷകര്‍ക്ക് കൂടുതല്‍ ബാധ്യത സൃഷ്ടിക്കും. സ്വതന്ത്ര വ്യാപാര കരാറുകളുടെ മറവിലുള്ള അനിയന്ത്രിത കാര്‍ഷിക ഇറക്കുമതി നിയന്ത്രിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമില്ല. പരുത്തി കൃഷിക്ക് 5 വര്‍ഷ പദ്ധതി പ്രഖ്യാപിച്ചവര്‍ റബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ കൂടുതല്‍ ശമ്പളത്തിനായി തുക വകയിരുത്തിയതുകൊണ്ട് റബര്‍ മേഖലയ്ക്കും നേട്ടമില്ല. റബറിന് അടിസ്ഥാനവിലയോ വിലസ്ഥിരതാപദ്ധതിയോ ബജറ്റിലില്ല. നെല്‍ക്കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ക്കും യാതൊരു നേട്ടവുമില്ല. കര്‍ഷകവിരുദ്ധമായ കേന്ദ്രബജറ്റ് ഇന്ത്യയുടെ തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക സമ്പദ്ഘടനയ്ക്ക് ഇരട്ടിപ്രഹരമാകുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി.

സേവ് വെസ്റ്റേണ്‍ ഘട്ട് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജയിംസ് വടക്കന്‍, സെക്രട്ടറി ജോയി കണ്ണഞ്ചിറ, ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ് ചെയര്‍മാന്‍ റസാഖ് ചൂരവേലി, എന്‍.എഫ്.ആര്‍.പി.എസ്. ജനറല്‍ സെക്രട്ടറി താഷ്‌കന്റ് പൈകട, രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ-സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, ജോര്‍ജ് സിറിയക്ക്, ജിനറ്റ് മാത്യു, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, പി.ജെ.ജോണ്‍ മാസ്റ്റര്‍, റോസ് ചന്ദ്രന്‍, ആയാംപറമ്പ് രാമചന്ദ്രന്‍, റോജര്‍ സെബാസ്റ്റിയന്‍, ജോബിള്‍ വടാശ്ശേരി, വര്‍ഗീസ് കൊച്ചുകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

Similar News