യുവതലമുറയെ ആരോഗ്യസംസ്‌കാരത്തിലേക്ക് നയിക്കുവാന്‍ കായികമേഖലയ്ക്ക് കഴിയണം : റോജി എം. ജോണ്‍ എം.എല്‍.എ.
മയക്കുമരുന്നിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും അടിമകളായി മാറിക്കൊണ്ടിരിക്കുന്ന യുവതലമുറയെ ജീവിതശൈലിയിലൂന്നിയ ആരോഗ്യസംസ്‌കാരത്തിലേക്ക് നയിക്കുവാന്‍ കായികമേഖലയ്ക്ക് കഴിയണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ. പറഞ്ഞു. അസോസി യേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ ആഭിമുഖ്യത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യന്‍ഷിപ്പിന്റെ (പുരുഷ വിഭാഗം) ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറയില്‍ സ്‌പോര്‍ട്‌സിന് കൂടുതല്‍ പ്രചാരം നല്കണം. സമകാലിക സാഹചര്യങ്ങളില്‍ യുവതലമുറ നേരിടുന്ന വിഭിന്നങ്ങളായ വെല്ലുവിളി കള്‍ക്ക് നിര്‍ദ്ദേശിക്കാവുന്ന ആരോഗ്യകരമായ ബദലാണ് സ്‌പോര്‍ട്‌സ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സിന് കൂടുതല്‍ പ്രാധാന്യം നല്കണം. രാജ്യത്ത് നവീനവും സുശക്തവുമായ കായികസംസ്‌കാരം പടുത്തുയര്‍ത്തുന്നതില്‍ ബോഡി ബില്‍ഡിംഗിനുള്ള പങ്ക് പ്രധാനപ്പെട്ടതാണ്. ജീവിതശൈലീരോഗങ്ങളെ ഫലപ്രദമായി നേരിടുവാന്‍ സ്‌പോര്‍ട്‌സി ലൂടെയും ബോഡി ബില്‍ഡിംഗിലൂടെയും കഴിയുന്നു, റോജി എം. ജോണ്‍ എം.എല്‍.എ. പറഞ്ഞു.
വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അദ്ധ്യക്ഷയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസ്സി മാത്യു, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, കാലിക്കറ്റ് സര്‍വ്വകലാശാല കായിക പഠന വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ വി. പി., ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കായിക പഠന വിഭാഗം മേധാവി പ്രൊഫ. ദിനു എം. ആര്‍., അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് നിരീക്ഷകന്‍ ഡോ. ജോ ജോസഫ്, ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ചേതന്‍ പട്ടാരെ, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടി. വി. പോളി, കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ആനന്ദന്‍, സെക്രട്ടറി എം. കെ. കൃഷ്ണകുമാര്‍, പ്രൊഫ. വില്‍ഫ്രഡ് വാസ് എന്നിവര്‍ പ്രസംഗിച്ചു.
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല ശരീര സൗന്ദര്യ (ബെസ്റ്റ് ഫിസിക്ക്) ചാമ്പ്യന്‍ഷിപ്പിനോട് (പുരുഷ വിഭാഗം) അനുബന്ധിച്ചുള്ള പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ പൂര്‍ത്തിയായി. സര്‍വ്വകലാശാലയുടെ കായിക പഠന വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ 91 സര്‍വ്വകലാശാലകളില്‍ നിന്നായി 350 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 22 അംഗ ജഡ്ജിംഗ് പാനലാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടി. വി. പോളിയാണ് ജഡ്ജിംഗ് പാനല്‍ ചെയര്‍മാന്‍.
ഇന്ന് (മാര്‍ച്ച് ഒമ്പത്) വൈകിട്ട് അഞ്ചിന് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. രാത്രി എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി സമ്മാനദാനം നിര്‍വ്വഹിക്കും. ചാമ്പ്യന്‍ഷിപ്പില്‍ എട്ട് ശരീരഭാര വിഭാഗങ്ങളിലായി ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. കൂടാതെ വിവിധ വിഭാഗങ്ങളില്‍ നിന്നും 'ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ്' ആയി തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികളെ പ്രത്യേകമായി ആദരിക്കും. ഓവറോള്‍ പ്രകടനം കാഴ്ചവെയ്ക്കുന്ന സര്‍വ്വകലാശാലകള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.