കളിച്ചു നേടാം ആരോഗ്യം', 'അക്ഷരവേദി' പദ്ധതികളുമായി ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ : ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തില്‍

Update: 2025-01-22 10:38 GMT

ഏറ്റുമാനൂര്‍: ചെറുപ്പത്തിലേ ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന പുതു തലമുറയെ രക്ഷിക്കുക എന്ന ദൗത്യവുമായി ഏറ്റുമാനൂര്‍ ശക്തി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്ത്. ഡിജിറ്റല്‍ ലോകത്തു തളച്ചിടപ്പെട്ട ഒരു സമൂഹത്തിന് കളികളിലൂടെയും വായനയിലൂടെയും മാനസികവും ശരീരികവുമായ ദൃഢത ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ ആരംഭിക്കുന്ന 'കളിച്ചു നേടാം ആരോഗ്യം', 'അക്ഷരവേദി' എന്നീ രണ്ട് പദ്ധതികള്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ തുടക്കം കുറിക്കും.

പദ്ധതികളുടെ ഭാഗമായി ഏറ്റുമാനൂര്‍ ടെമ്പിള്‍ റോഡിലെ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി സ്‌പോര്‍ട്‌സ് & ഗയിംസ്, യോഗ, ഡാന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനത്തിന് സാഹചര്യം ഒരുക്കുകയാണ്. ഒപ്പം വായിച്ചു വളരുവാനും അറിവുകള്‍ പരസ്പരം പങ്കുവെക്കുന്നതിനും പ്രത്യേക വായനാമുറിയും സജ്ജീകരിക്കുന്നു.

26ന് വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി. എന്‍. വാസവന്‍ 'കളിച്ചു നേടാം ആരോഗ്യം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഏറ്റുമാനൂര്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ബീന 'അക്ഷരവേദി' ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്ന ഒരാള്‍ക്ക് 'അക്ഷരകിറ്റ്' വിതരണോദ്ഘാടനത്തില്‍ പങ്കാളിയാകാന്‍ സാധിക്കും. വിവിധ മത്സരങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് നഗരസഭാ കൗണ്‍സിലര്‍ രശ്മി ശ്യാം സമ്മാനങ്ങള്‍ വിതരണം ചെയ്യും.

അസോസിയേഷന്‍ പ്രസിഡന്റ് ദിനേശ് ആര്‍ ഷേണായിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സെക്രട്ടറി ബി. സുനില്‍കുമാര്‍ പദ്ധതികള്‍ വിശദീകരിക്കും. ഡെക്കാത്തലണ്‍ തെള്ളകം സ്റ്റോര്‍ മാനേജര്‍ അഖില്‍ അപ്പൂസ്, കുട്ടികളുടെ ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. പി.സവിദ, അസോസിയേഷന്‍ രക്ഷാധികാരി എം.എസ് മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എന്‍.വി.പ്രദീപ്കുമാര്‍, കമ്മിറ്റിയംഗം ജി.വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

കായികവാസനകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആരോഗ്യസംരക്ഷണത്തിനു തകുന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി തുടര്‍ന്നും നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി തെള്ളകം ഡെക്കാത്തലണിന്റെ സഹകരണത്തോടെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Similar News